വെളിച്ചെണ്ണയില്‍ കുതിര്‍ന്ന കൊതിപ്പിക്കുന്ന മണമുള്ള പുട്ടുപൊടിയില്‍ മുക്കി നല്ല പൂപോലത്തെ ഇഡ്ഡലി എന്നു പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറാത്ത ആരുമുണ്ടാവില്ല. മലയാളിയുടെ പ്രഭാത’-ഭക്ഷണങ്ങളിലൊന്നായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്.
എലപ്പുള്ളിയിലെ ഗ്രാമത്തിലെ രാമശ്ശേരിയില്‍ ഉണ്ടാക്കുന്ന ഇഡ്ഡലിയാണ് പാലക്കാടന്‍ രുചി ഭേദങ്ങളെ കടല്‍ കടത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്. ആറന്മുള കണ്ണാടി പോലെ പൈതൃകമുള്ളതാണ് രാമശ്ശേരി ഇഡ്ഡലി. എലപ്പുള്ളി, കുന്നാച്ചി-പുതുശ്ശേരി റോഡില്‍ രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ വിഭവത്തിന്റെ നിര്‍മ്മാതാക്കള്‍.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. ഉപജീവനത്തിനായി അവര്‍ തുടങ്ങിയ ഇഡ്ഡലി നിര്‍മ്മാണം രുചിയുടെ മേന്മ കൊണ്ട് ജനങ്ങളെ സ്വാധീനിക്കുകയായിരുന്നു. പരമ്പരാഗതമായ രാമശ്ശേരി ഇഡ്ഡലിയുടെ രുചിക്കൂട്ട് ഇന്ന് അവിടെയുള്ള മൂന്നോ നാലോ കുടുംബക്കാര്‍ക്ക് മാത്രമേ വശമുള്ളൂ. അവര്‍ മാത്രമാണ് ഇന്നും രാമശ്ശേരി ഇഡ്ഡലി’പരമ്പരാഗത ശൈലിയില്‍ ഉണ്ടാക്കുന്നവര്‍.
വിറകടുപ്പിലാണ് ഇഡ്ഡലിയുടെ നിര്‍മ്മാണം. വലിയ മണ്‍പാത്രത്തില്‍ വെള്ളം തിളപ്പിക്കും. അതില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ മറ്റൊരു ചെറിയ മണ് പാത്രംവയ്ക്കും. വായഭാഗത്ത് ഒരു തുണി കെട്ടി അതില്‍ ഇഡ്ഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍പാത്രം കൊണ്ട് അടച്ച് ആവിയില്‍ പുഴുങ്ങിയാണ് പരമ്പരാഗത രീതിയിലുള്ള ‘രാമശ്ശേരി ഇഡ്ഡലി’ ഉണ്ടാക്കുന്നത്. പുളി മരത്തിന്റെ വിറകാണ് സാധാരണ ഉപയോഗിക്കാറുള്ളത്. കഴമ, തവള കണ്ണന്, പൊന്നി, ആനക്കൊമ്പന്, സ്വര്ണ്ണാലി തുടങ്ങിയ നെല്ല് പ്രത്യേക പാകത്തില്‍ പുഴുങ്ങി ഉണക്കി കുത്തി അരിയാക്കുന്നതോടെ രാമശ്ശേരി ഇഡ്ഡലിയുടെ പാചകം തുടങ്ങുകയായി.
സാധാരണയായി ഉഴുന്ന് അരി എന്നിവ ഒരുമിച്ച് ഇട്ടാണ് ഇഡലിക്കായി കുതിര്ത്താറുള്ളത്. എന്നാല്‍ രാമശ്ശേരി ഇഡ്ഡലിയുടെ നിര്‍മ്മാണത്തില്‍ ഉഴുന്ന് മൂന്ന് മണിക്കൂറും അരി ഒരു മണിക്കൂറും വേര്‍തിരിച്ച് കുതിര്‍ത്തിയാണ് ഇഡ്ഡലിയ്ക്കായുള്ള മാവ് തയ്യാറാക്കുക. രണ്ടു ചേരുവകളും പ്രത്യേകം അരച്ചെടുക്കും. പിന്നീട് രണ്ടും നന്നായി കൂട്ടി യോജിപ്പിച്ച് നാല് മണിക്കൂറോളം പുളിയ്ക്കാന്‍ വെയ്ക്കും. ഉഴുന്ന് അരയ്ക്കുമ്പോള്‍ ഒരു നുള്ള് കായം അതിലേക്ക് ചേര്‍ക്കും.
നിര്‍മാണത്തില്‍ മാത്രമല്ല, കാഴ്ചയിലും സ്വാദിലും രാമശ്ശേരി ഇഡ്ഡലി വ്യത്യസ്തമാണ്. തട്ടുദോശയുടെ വലുപ്പമുള്ളതാണ് രാമശ്ശേരി ഇഡ്ഡലി. എന്നാല്‍ നല്ല മാര്‍ദ്ദവം കാണും. രുചിയോ അനിര്‍വചനീയം. വാഴയിലയിലാണ് രാമശ്ശേരി ഇഡ്ഡലി കഴിക്കാന്‍ തരുന്നത്. അരി വറുത്തത്, കുരുമുളക്, ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എരിവുള്ള ഒരു ചമ്മന്തിയും കൂട്ടിയുള്ള ഇഡലി തീറ്റ ഒന്നു വേറെതന്നെയാണ്.
ഒരാഴ്ച വരെ ഇഡ്ഡലി കേടു കൂടാതെ ഇരിക്കും എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പാലക്കാട്ടു മാത്രമെ ഇതു ലഭിക്കൂ. കല്ല്യാണത്തിനുള്പ്പെടെയുള്ള സല്‍ക്കാരങ്ങള്‍ക്ക് ഇന്ന് രാമശ്ശേരി ഇഡ്ഡലി വിശിഷ്ടവിഭവമാണ്. ഓഡര്‍ പ്രകാരം ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ഇഡ്ഡലി എത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: