വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രോല്‍സാഹിപ്പിക്കുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതികള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍ നടപ്പാക്കിയതിലൂടെ വിദ്യാഭ്യാസത്തിന്റെ മേന്മ പതിന്മടങ്ങ് വര്‍ദ്ധിച്ചു. പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമം, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷന്, ഉഡാന്‍ പദ്ധതി, ഇഷാന് വികാസ്. യുഎസ്ടിടിഎ.ഡി തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.
വിദ്യാഭ്യാസ വായ്പകളും സ്കോളര്‍ഷിപ്പുകളും യാഥാര്‍ഥ്യമാക്കുന്നതിനും വിലയിരുത്തുന്നതിനുമായി പൂര്‍ണമായി ഐ.ടി.അധിഷ്ഠിതമായ ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി രൂപീകരിക്കുകയും ചെയ്തതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി. അധ്യാപകര്‍ക്കു പരിശീലനം നല്കാന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷനിലൂടെ അധ്യാപനത്തിന്റെ മേന്മ ഉറപ്പുവരുത്താനുമായി.
ഭാരതത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആഗോളവീക്ഷണം പകര്‍ന്നുനല്‍കുന്നതിനായി ക്ലാസെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ്യ വിദ്യാഭ്യാസ, ശാസ്ത്രപഠനകേന്ദ്രങ്ങളിലെ അധ്യാപകരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും ക്ഷണിക്കുന്നതിനായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്വര്‍ക്ക് (ഗ്യാന്‍) ആരംഭിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ (എംഒഒസി) ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും അറിവു സമ്പാദിക്കുന്നതിനും നാഷണല്‍ ഇ-ലൈബ്രറി സഹായകമാകും. മക്കളുടെ പഠനപുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുന്ന മൊബൈല്‍ സാങ്കേതികവിദ്യയാണ് ശാലദര്‍പ്പണ്‍.
പെണ്‍കുട്ടികള്‍ക്കു പഠനസൗകര്യമൊരുക്കാനും കോഴ്സുകളില്‍ പ്രവേശനം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉഡാന്‍ പദ്ധതി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്കും എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കും അവധിക്കാലത്ത് ഐഐടികള്‍, എന്‍.ഐ.ടികള്‍. ഐ.ഐ.എസ്.ഇ.ആറുകള്‍ തുടങ്ങിയ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ഇഷാന് വികാസ്. യു.എസ്.ടി.ടി.എ.ഡിയാകട്ടെ, പരമ്പരാഗത കലാ, കരകൗശല മേഖലകളിലെ നൈപുണ്യവികസനം ഉദ്ദേശിച്ചുള്ളതാണ്. പരമ്പരാഗത കരകൗശലവിദഗ്ധരുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും കരകൗശലവസ്തുക്കളുടെ വിപണനം സാധ്യമാക്കുകയുമാണു പ്രധാന ലക്ഷ്യങ്ങള്‍.
നൈപുണ്യവികസനത്തിനു പ്രധാനമന്ത്രി മോദി കല്പിക്കുന്ന പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്നതാണ്. യുവാക്കളെ ശാക്തീകരിക്കുന്നതിനായി നൈപുണ്യവികസന മന്ത്രാലയത്തിനു തന്നെ ഗവണ്മെന്റ് തുടക്കമിട്ടു. വിവിധ പദ്ധതികളിലായി 76 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യപരിശീലനം നല്‍കിക്കഴിഞ്ഞു. 1,500 കോടി രൂപയുടെ ഫണ്ടുമായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു തുടക്കമിട്ടു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയിലൂടെ മൂന്നു വര്‍ഷത്തിനകം പത്തു ലക്ഷം ഗ്രാമീണ ചെറുപ്പക്കാര്‍ക്കു പരിശീലനം നല്‍കും. അപ്രന്റീസ്ഷിപ് ആക്റ്റില്‍ ഭേദഗതി വരുത്തുന്നതോടെ തൊഴില്‍പരിശീലനത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
50 ശതമാനം സ്റ്റൈപ്പെന്‍ഡ് സര്‍ക്കാര്‍ നല്‍കിക്കൊണ്ട് അടുത്ത രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം അപ്രെന്റീസുകള്ക്കു പരിശീലനത്തിനു സൗകര്യമൊരുക്കും. ഇപ്പോള്‍ കേവലം 2.9 അപ്രന്റീസുകളാണ് ഉള്ളത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കകം 20 ലക്ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ദേശീയതലത്തിലുള്ള അവസരങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ സാഹചര്യമൊരുക്കുന്നതിനായി നാഷണല്‍ കരിയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ സഹായിക്കാന്‍ കൗണ്‍സലര്‍മാരുടെ ശൃംഖലയും സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: