കുറ്റാന്യോഷണവ്യഗ്രതയില് പോലീസുകാര്‍ മൂന്നാം മുറകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോളിതാ ജിഷ കൊലക്കേസ് അന്യോഷണത്തിനിടയക്ക് പോലീസുകാര്‍ അയല്‍പക്കത്തുളള സാബുവിനെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചു എന്ന് വായിക്കുകയുണ്ടായി. ജിഷയുടെ കുടുംബം ആ കനാലിന്റെ പുറമ്പോക്കില്‍ താമസം തുടങ്ങുന്നതിനു മുന്‍പേ പ്രവാസ ജീവിതം തുടങ്ങിയ എനിക്ക് ആ പരിസരങ്ങള്‍ നല്ല പോലെ പരിചിതമാണ്. അവധിക്കാലത്ത് അവിടം സന്ദര്‍ശിക്കാറുമുണ്ട്. ഞങ്ങളുടെ തറവാടും പറമ്പും ഇപ്പറഞ്ഞ കനാലിനു ചേര്‍ന്നാണ് ഉള്ളത്. സാബുവിന്റെ മാതാപിതാക്കളെ എനിക്ക് നേരിട്ടറിയാം. സാബുവിനെപ്പോലെ ദുരിതം അനുഭവിച്ച മറ്റു പലരും ഉണ്ടാവും.
അതിക്രൂരമായ ആ കൊലപാതകത്തെപ്പറ്റി എനിക്കൊന്നും പറയാന്‍ ഇല്ല. മനസ്സ് മരവിച്ചു പോകുന്ന വാര്‍ത്തയാണത്. എന്നാല്‍ സാക്ഷികളെ ചോദ്യം ചെയ്യുന്നതിനിടയില്‍ പോലീസുകാര്‍ അവരെ ഭേദ്യം ചെയ്യുന്നതിനെപ്പറ്റിയാണ് ഈ കുറിപ്പ്. നമ്മുടെ പോലീസുകാരുടെ പ്രവര്‍ത്തികളെയും പെരുമാറ്റത്തെയും കുറിച്ച് ആളുകള്‍ക്കുള്ള പേടിയും അവജ്ഞയുമാണ് കുറ്റകൃത്യങ്ങളെപ്പറ്റി അറിയാമെങ്കിലും വിവരമറിയിക്കാന്‍ ആളുകള്‍ അവരെ സമീപിക്കാത്തത് എന്ന് നിസ്സംശയം പറയാം. പോലീസുകാര്‍ക്ക് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മര്‍ദ്ദിക്കാനും താല്‍ക്കാലികമായി ശിക്ഷിക്കാനും അവകാശമുണ്ടെന്ന് എങ്ങിനേയോ ഒരു തോന്നല്‍ അവരില്‍ കടന്നു കൂടിയിട്ടുണ്ട്. മാത്രമല്ല പൊതുജനത്തിനും ആ ധാരണ ഉണ്ടെന്നു തോന്നുന്നു. സിനിമകളിലും മറ്റും അടിച്ചു നിരത്തി ഹീറോ ആകുന്ന പോലീസുകാരന് കൈയടി കൂടുതല്‍ കിട്ടുന്നുണ്ടല്ലോ.
അടുത്ത കാലത്ത് ഇന്‍സ്പെക്ടര്‍ ഹീറോ ബിജു എന്ന സിനിമയില്‍ വഴിയില്‍ നിന്നു പിടിച്ച ഒരു പാവം കള്ളുകുടിയന് വഴക്കാളിയെ ചൊറിയണ്ണത്തിന്റെ (കൊടുത്തൂവ) ഇല കൊണ്ടു് ഉഴിയുന്നതിന്റെ സീനുണ്ടു്. അതേ പ്രയോഗം എന്റെയൊരു സുഹൃത്തിന്റെ ജ്യേഷ്ഠന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചെയ്യുന്നതൊരിക്കല് നേരിട്ടു കാണാനിടയായി. അത് ഏകദേശം മുപ്പത് കൊല്ലം മുന്‍പാണ്. സുഹൃത്തിന്റെ ചേട്ടനെക്കാണാന്‍ സ്റ്റേഷനില്‍ ചെന്നപ്പോഴാണത്.സിനിമയിലെപ്പോലെ അഭിനയമല്ല ശരിയ്ക്കുള്ള ചൊറിയണ്ണം ഒരു പീസിയെക്കൊണ്ടു് പറിച്ചെടുപ്പിച്ച് പ്രതിയെ ഉഴിയുന്നത് കണ്ടു് സഹിക്കാതെ ‘എന്തിനാ ചേട്ടാ ഇതൊക്കെ? ‘ എന്നു ചോദിച്ചത് പിടിക്കാതെ ‘ക്വാര്‍ട്ടേഴ്സില്‍ പോയി ചായ കുടിച്ചിട്ടേ പോകാവൂ’ എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പെട്ടെന്ന് യാത്രയാക്കി.
മൂന്നാംമുറ സമൂഹം അംഗീകരിച്ചതും നിയമകാര്യങ്ങള്‍ പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട വക്കീലന്മാര് പോലും എതിര്‍ക്കില്ല എന്നുറപ്പുള്ളതുകൊണ്ടുമായിരിക്കണം പോലീസുകാര്‍ ഇക്കാലത്തും അത് തുടരുന്നത്.
രണ്ടു മൂന്നു കൊല്ലം മുന്‍പുള്ള മറ്റൊരനുഭവം പറയാം. അത് വക്കീലന്മാരുമായി ബന്ധപ്പെട്ടാണ്. വടക്കേയിന്‍ഡ്യയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് മലയാളികളുടെ ഒരു സംഘത്തിനൊപ്പം സകുടുംബം ഞാന്‍ ഒരു യാത്ര പോയിരുന്നു. നീണ്ട ബസ്സുയാത്രയിലെ വിരസത പോക്കാനായി യാത്രയിലുള്ള ഓരോരുത്തരേയും ഇന്റര്‍വ്യൂ ചെയ്യാന്‍ തീരുമാനിച്ചു. അവരവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പറയുക എന്നതാണ് പരിപാടി. ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. അങ്ങിനെ സഹയാത്രികരെ പരിചയപ്പെടാന്‍ അവസരവുമാകും. ഇത്തവണ ഹാന്റ് മൈക്കെടുത്തത് ഒരു ചെറുപ്പക്കാരിയാണ്. ക്രിമിനല്‍ ലോയറാണ് ആ കുട്ടി. ഒരു സീനിയര്‍ വക്കീലിന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നു. പഠിച്ചിറങ്ങിയിട്ട് ഒരു കൊല്ലമേ ആയുള്ളൂ.
‘പ്രതികളെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാനായി മൂന്നാം മുറയും മര്‍ദ്ദനവും പാടുണ്ടോ?’ എന്നാണ് അവരോട് ഒരാള്‍ ചോദിച്ച ചോദ്യം. ഉടനെ മറുപടി വന്നു. ‘തീര്‍ച്ചയായും. നല്ല അടി കൊടുത്ത് മര്യാദ പഠിപ്പിച്ചു വേണം അവനെയൊക്കെ നിലയ്ക്ക് നിര്‍ത്താന്‍. ‘ ഇക്കാര്യത്തില്‍ യുവ അഭിഭാഷകയ്ക്ക് സംശയമേയില്ല.
അതു കേട്ടപ്പോള്‍ എന്റെയടുത്തിരുന്ന പത്തു വയസ്സുകാരന് മകന് എന്നെയൊന്നു തോണ്ടി. ‘അച്ഛാ, ഈ ചേച്ചിക്ക് ഹ്യൂമന്‍ റൈറ്റ്സിനെപ്പറ്റി ഒന്നും അറിയില്ലേ?’ ബസ്സില്‍ വച്ച് അപ്പോളത് ചര്‍ച്ചയാക്കാന്‍ അവന് മടിയായിരുന്നു. പിന്നീടു് ഭക്ഷണ സമയത്ത് ഞാന്‍ അവരോട് പറഞ്ഞു:’ദാ ഇവന് കുട്ടിയോട് ചിലത് ചോദിക്കാനുണ്ട് ‘. പത്തു വയസ്സുകാരന്റെ വാദത്തിനു മുന്നില്‍ അവര്‍ സമ്മതിച്ചു. ‘ഞാനതോര്‍ത്തില്ല കുട്ടാ’. മകന് കാനഡയില്‍ മനുഷ്യാവകാശത്തെപ്പറ്റി ചെറുപ്രായത്തില്‍ത്തന്നെ സ്കൂളില്‍ പഠിച്ച കാര്യമാണിത്. അവന് മിനി-യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴും അവിടെ ഇത് ഒരു പ്രധാന വിഷയമായിരുന്നു.
ആ വക്കീല്‍ ഹ്യൂമന്‍ റൈറ്റ്സിനെപ്പറ്റി പഠനകാലത്ത് ഓടിച്ചൊന്നു വായിച്ചിട്ടേയുള്ളൂ എന്നാണ് പറഞ്ഞത്. അവരുടെ സീനിയര്‍ വക്കീല്‍ പറഞ്ഞു കേട്ട അഭിപ്രായം അവരും ചോദ്യം ചെയ്യാതെ വിഴുങ്ങിയാണ് ലോക്കപ്പ് മര്‍ദ്ദനത്തെ പിന്താങ്ങി അഭിപ്രായം പറഞ്ഞത്.
മൂന്നാം മുറ എന്നത് അധികാര ദുര്‍വിനിയോഗം (systemic abuse) എന്ന രീതിയില്‍ മനുഷ്യാവകാശ നിഷേധമായി കണക്കാക്കി പോലീസുകാര്‍ക്ക് വ്യക്തിപരമായ ശിക്ഷകള്‍ വാങ്ങിക്കൊടുക്കുന്ന നിയമവും അതു കൃത്യമായി നടപ്പാക്കലും ഉണ്ടായാല്‍ മാത്രമേ സാദാ പോലീസുകാര്‍ ഇതില്‍ നിന്നു പിന്മാറുകയുള്ളു. നീതിന്യായം നടത്താന്‍ ചുമതലപ്പെട്ടവര്‍ ആളുകളെ ഉപദ്രവിച്ചാല്‍ (‘അനാവശ്യമായ’ ഉപദ്രവം എന്ന് പറയേണ്ടതില്ല. എല്ലാ ഉപദ്രവവും അനാവശ്യം തന്നെ) അതിനുള്ള പ്രതിവിധി ചെയ്യാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്.
പ്രതിയാണെന്നുറപ്പുണെങ്കില് പ്പോലും ചോദ്യം ചെയ്യലില്‍ മൂന്നാംമുറ പ്രയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. മൂന്നാം മുറയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുക തന്നെ വേണം. പ്രതിയല്ലാത്ത സാക്ഷികള്‍ക്ക് കേസിന്റെ ആവശ്യങ്ങള്‍ക്കായി വന്നു പോവുന്നതിന്റെ ചിലവും ജോലി നഷ്ടപ്പെട്ടാല്‍ അതിനുള്ള പരിഹാരവും കോടതി നല്‍കണം. ജിഷ കേസില്‍ അധികാരികളാല്‍ പീഡിപ്പിക്കപ്പെട്ട സാബുവിനും കുടുംബത്തിനും ഉചിതമായ നഷ്ടപരിഹാരം കൊടുക്കാന്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റ് തന്നെ മുന്നിട്ടിറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: