അധികം അകലെയല്ലാത്ത ഒരു ഭൂതകാലത്തിലാണ്. തുന്നിക്കൂട്ടിയ ട്രൗസറും കീറിയ ബാഗുമായി ഒട്ടും ആത്മവിശ്വാസമില്ലാത്ത ചുവടുകളോടെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലേക്ക് പോകുന്ന കിഷോര്‍ എന്ന മകനെ ആത്മനിന്ദയുടെ വക്കോളമെത്തുന്ന കണ്ണുകളോടെ നോക്കി നിന്നിരുന്ന ഒരമ്മയെ ഓര്മ വരുന്നു. ഒപ്പം തന്നെ പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ മകള്‍ സ്കൂളില്‍ മലയാളം സംസാരിച്ചാല്‍ പിഴയടക്കുമെന്ന് പറഞ്ഞ ഒരു പെണ്‍സുഹൃത്തിന്റെ അഭിമാനം നിറഞ്ഞ കണ്ണുകളും. മഴക്കാലത്ത് മകന് പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന്റെ മേല്ക്കൂരയെങ്ങാന് തകര്‍ന്നു വീഴുമോയെന്ന ആധി വര്‍ദ്ധിച്ചു വന്ന് തന്റെ ജോലിയില്‍ നിരന്തരം തെറ്റുകള്‍ വരുത്തിക്കൊണ്ടിരുന്ന ഒരു സഹപ്രവര്‍ത്തകനെയും.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ നേരവസ്ഥയുടെ ഏതാനും ചിതറിയ ചിത്രങ്ങളാണവ. കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ന് സ്വകാര്യ മാനേജ്മെന്റുകളുടെ കൈപ്പിടിയിലാണ്. സര്‍ക്കാരുകള്‍ അവരുടെ ആജ്ഞാനുവര്‍ത്തി മാത്രം. മടിക്കുത്തില്‍ തുട്ടില്ലാത്തവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാക്കി എന്നതാണ് കാലാകാലങ്ങളായി കേരളം ഭരിച്ച സര്‍ക്കാരുകള്‍ വിദ്യാഭ്യാസ രംഗത്തിനു നല്കിയ സംഭാവന.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഇന്ന് മാനേജ്മെന്റ് വിദ്യാലയങ്ങളോ ലാഭകരമായ കച്ചവട സ്ഥാപനങ്ങളോ ഷോപ്പിംഗ് മാളുകളോ കവര്‍ന്നെടുക്കുകയാണ്. വിദ്യാഭ്യാസ രംഗത്തു നിന്നു ദരിദ്രന് എന്നേക്കുമായി നീക്കപ്പെട്ടു കഴിഞ്ഞു. ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന സ്കൂളുകളുടെ, സ്വകാര്യ കോളേജുകളുടെ തുറക്കപ്പെടാനിടയില്ലാത്ത വാതിലിനു മുന്നില്‍ പരുങ്ങി നില്ക്കുകയാണവന്. അവനോടു മാത്രം പുറം തിരിഞ്ഞ് ബാങ്കുകള്‍.
ധനികനാവട്ടെ, എത്രയെത്ര അനന്തമായ സാദ്ധ്യതകള്‍. അനുദിനം പെരുകി വരുന്ന പുതിയ പുതിയ കോഴ്സുകള്‍. എഞ്ചിനീയറാകാന്‍ പത്തു മാര്‍ക്കു പോലും തികച്ചു വേണ്ട. കുടുംബത്തില്‍ പണം മാത്രം മതി. ഡോക്ടറാകാന്‍ മെഡിക്കല്‍ കോളജുകളില്‍ പഠിക്കേണ്ട ആവശ്യം പോലുമില്ലെന്ന് വര്‍ദ്ധിച്ചു വരുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകാര്‍. തീര്‍ച്ചയായും, പാവപ്പെട്ടവനും എത്താന്‍ ശ്രമിക്കുന്നുണ്ട് വലിയ സൗകര്യങ്ങളുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍. വീടു വിറ്റും സ്വയം പണയപ്പെടുത്തിയും പണമുള്ളവനോടു തോള് ചേര്‍ന്ന് നില്ക്കാന് ശ്രമിക്കുന്നുണ്ട്. ഇംഗ്ലീഷ് പറയുന്നുണ്ട്. ഷൂസും ടൈയും ധരിക്കുന്നുണ്ട്. പക്ഷേ, വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന ഒരു ചേരായ്ക അവനില്‍. അവനു തന്നെ മനസിലാകാത്ത എന്തോ ഒരു അപര്യാപ്തത. സ്റ്റൂളില്‍ ഇരിക്കുന്ന ആനയാണ് ഇന്ന് അവന്.
തന്റെ സഹപാഠികള്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, ഇടവേളകളില്‍ ബര്‍ഗറും കോളയും കഴിക്കുന്ന ഭൂരിപക്ഷമായി രൂപാന്തരപ്പെട്ടപ്പോള്‍ കിഷോര്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പെണ്‍സുഹൃത്തിന്റെ മകള്‍ ഇപ്പോള്‍ മലയാളത്തേക്കാള്‍ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയും. അമേരിക്കയിലോ കാനഡയിലോ ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന ഒരു ജോലി. അതാണവളുടെ സ്വപ്നം. സഹപ്രവര്ത്തകനാവട്ടെ, മകനെ സ്വസമുദായത്തിന് പുതുതായി അനുവദിച്ചു കിട്ടിയ സ്കൂളില്‍ ചേര്‍ത്തു. കട്ട വെയിലത്തും പെരുമഴയത്തും അവന് ഷൂസിട്ട് ടൈ കെട്ടി സ്കൂളില്‍ പോകുന്നു. സഹപ്രവര്ത്തകന് ഇപ്പോള്‍ കൂടുതല്‍ ഉല്‍സാഹത്തോടെ ജോലി ചെയ്യുന്നു.
ഒറ്റമരം അതിന്റെ തായ്വേരില്ത്തന്നെ രണ്ടായി പിളരുകയാണ്. ചെറുബാല്യത്തിലേ രണ്ടായി തരംതിരിക്കപ്പെട്ടവര് തമ്മിലുള്ള അകലം ഇനിയങ്ങോട്ട് വര്‍ദ്ധിച്ചു വരുകയേയുള്ളു. പരസ്പരം തൊടാത്ത രണ്ടു ശിഖരങ്ങളായി ഉള്ളവനും ഇല്ലാത്തവനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: