സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹത്തിന് വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. മകന്റെ മൃതശരീരം ഒരു നോക്കു കാണുവാനും അന്ത്യ ചുംബനങ്ങള്‍ അര്‍പ്പിക്കുവാനും തകര്‍ന്ന ഹൃദയത്തിന്റെ താളം തെറ്റിയ സ്പന്ദനങ്ങളുമായി നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് ഇവര്‍.
കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ എല്‍4ല്‍ വാടകക്കു താമസിക്കുന്ന വിജയകുമാര്‍-സുഗുണ ദമ്പതികളുടെ ഏക മകന് കാര്ത്തികേയന് കഴിഞ്ഞ ജൂണ്‍ അഞ്ചിന് അബ്ഹയില് വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. മൃതദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസവും അഞ്ചു ദിവസവും പിന്നിട്ടിരിക്കുന്നു.
സൗദി ജിദ്ദയിലെ അല്‍ ജസീറ ഫോഡ് വെഹിക്കിള്‍സ് ഉദ്യോഗസ്ഥനായിരുന്നു കാര്ത്തികേയന്. ജോലി സ്ഥലത്തൂ നിന്നും 900 കിലോമീറ്റര്‍ മാറി അബഹേല് വച്ചായിരുന്നു അപകടം സംഭവിച്ചതെന്നും അവിടുത്തെ ഒരു മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്നും സുഹൃത്ത് മധു കര്‍ത്തികേയന്റെ സഹോദരീ ഭര്‍ത്താവ് അനില്‍കുമാറിനെ ഫോണിലൂടെ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചതുമില്ല.
കാര്‍ത്തികേയന്റെ പിതാവും സഹോദരി ഭര്‍ത്താവും മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിക്കപ്പെട്ടന്ന മറുപടിയല്ലാതെ ക്രിയാത്മകമായ ഒരു നീക്കങ്ങളും അന്വേഷണങ്ങളും എങ്ങുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവങ്ങളുടെ ഗുരുതരാവസ്ഥ അറിഞ്ഞ ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എ. ബി. ബിജു കാര്‍ത്തികേയന്റെ വീട് സന്ദര്‍ശിക്കുകയും മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിജു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി ബാബുവിനെ ഫോണിലൂടെ വിവരങ്ങളറിയിക്കുകയും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
ആര്. വി ബാബു കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമസ്വരാജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ത്തികേയന്റെ മൃതദേഹം എത്രയും പെട്ടെന്ന് കൊച്ചിയിലെത്തിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കാര്‍ത്തികേയന്റെ വിവാഹം നിശ്ചയം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നതാണ്.
ഏക മകന്റെ അകാല വേര്‍പാടു നല്കിയ തീരാദു:ഖത്തില്‍ തളര്‍ന്ന അച്ഛനമ്മമാരെ ആശ്വസിപ്പിക്കാനാവാതെ കുഴയുകയാണ് ഒരു നാടുമുഴുവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: