വളരെ സങ്കീര്‍ണവും സമയബന്ധിതവുമായ പാസ്പോര്‍ട്ട് വെരിഫിക്കേഷന് ജോലികള്‍ക്ക് ഇനി വിരാമം. ഇതിനായി പുതിയ സോഫ്റ്റ്വെയര് വികസിപ്പിച്ചിരിക്കുകയാണ് തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥരിലെ അഞ്ച് കമ്പ്യൂട്ടര്‍ വിദഗ്ദര്‍. eVIP എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്വെയറിലൂടെ പോലീസ് സ്റ്റേഷനുകളില്‍ പാസ്പോര്‍ട്ട് അന്വേഷണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
Electronic Verification Interface for Passport Applications എന്നതിന്റെ ചുരുക്കപ്പേരാണ് eVIP. എസ്സിപിഒ സന്തോഷ് കുമാര്‍, സിപിഒമാരായ ഫീസ്റ്റോ, ശ്രീരാഗ്, ബിനു ഗോപിനാഥ്, മിന്റോ പി ഫ്രാന്‍സിസ് എന്നിവരാണ് സോഫ്റ്റ്വെയര് വികസിപ്പിച്ചത്. നിലവില്‍ തൃശൂര്‍ റൂറല്‍ ജില്ലയില്‍ മാത്രം അയ്യായിരം പാസ്പോര്‍ട്ട് അപേക്ഷകളാണ് ജില്ലാ പോലീസ് ഓഫീസിലേയ്ക്ക് അന്വേഷണങ്ങള്‍ക്കായി എത്തുന്നത്. ഇങ്ങനെ കിട്ടുന്ന അപേക്ഷകള്‍ 26 പോലീസ് സ്റ്റേഷനുകളിലേയ്ക്ക് തരംതിരിച്ച് അയയ്ക്കുകയും തിരിച്ചു വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതും മുപ്പതോളം രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. വളരെ സങ്കീര്‍ണവും സമയബന്ധിതവുമായ ഈ പ്രവര്‍ത്തി മുഴുവനായും കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് eVIP സോഫ്റ്റ്വെയര് വഴി കഴിയും. സ്റ്റേഷനുകളില്‍ നിന്നും അന്വേഷണം പൂര്‍ത്തീകരിച്ച് വരുന്ന അപേക്ഷകള്‍ അപ്പോള്‍ തന്നെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലേയ്ക്ക് ഇ-മെയില്‍ ചെയ്യുവാന്‍ ഇതുമൂലം സാധിക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി eVIP ആന്‍ഡ്രോയിഡ് ആപ്പ് പോലീസ് വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ച് പാസ്പോര്‍ട്ട് അന്വേഷണം സംബന്ധിച്ച പരാതികള്‍ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനും സാധിക്കും.
പാസ്പോര്‍ട്ട് അന്വേഷണ ഘട്ടങ്ങളില്‍ ചിലപ്പോഴെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി പൊതുജനങ്ങള്‍ക്ക് തെറ്റിദ്ധാരണയോ ആരോപണങ്ങളോ നിലനില്‍ക്കുന്നുണ്ട്. ഓരോ പാസ്പോര്‍ട്ട് അപേക്ഷകനും പാസ്പോര്‍ട്ട് വെരിഫിക്കേഷനായി വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സേവനം, പരാതി, സംശയങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ മുഖേന മേലധികാരികളെ അറിയിക്കുന്നതിന് ഈ സോഫ്റ്റ്വെയറില് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നേരിട്ട് പരിശോധിക്കാനാവും. സംശയങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാസ്പോര്‍ട്ട് അപേക്ഷകന് പാസ്പോര്‍ട്ട് സേവാ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്കുന്ന മൊബൈല്‍ നമ്പറിലേയ്ക്ക് പോലീസ് അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളെയും കുറിച്ച് സൗജന്യമായി എസ്എംഎസ് അലര്‍ട്ട് സംവിധാനം eVIP സോഫ്റ്റ്വെയര് വഴി നല്കി വരുന്നുണ്ട്. ഇതുമൂലം പോലീസ് ഉദ്യോഗസ്ഥന് വീട്ടില്‍ എത്തുന്ന സമയം, തീയതി എന്നിവ അപേക്ഷകന് മുന്‍കൂട്ടി അറിയുന്നതിനും, പോലീസ് ഉദ്യോഗസ്ഥന് അപേക്ഷകനെ കാണാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സാധിക്കുന്നു.
ജില്ലാ പോലീസ് ഓഫീസില്‍ നിന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഓരോ പോലീസ് സ്റ്റേഷനുകളിലേയ്ക്കും അയച്ചു നല്കുന്ന പാസ്പോര്‍ട്ട് അപേക്ഷകളുടെ എണ്ണം ഓരോ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും. അവരുടെ ഔദ്യോഗിക ടെലിഫോണ്‍ നമ്പറുകളിലേയ്ക്ക് എസ്എംഎസ് വഴി അറിയിക്കുന്നു. ഇതുമൂലം, ഓരോ എസ്എച്ച്ഒമാര്‍ക്കും അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിലവിലുള്ള പാസ്പോര്‍ട്ട് അപേക്ഷകളുടെ നിലയെ കുറിച്ച് അറിവ് ലഭിക്കുന്നു.
eVIP പാസ്പോര്‍ട്ട് വെരിഫിക്കേഷന് സോഫ്റ്റ്വെയര് സംവിധാനം ഇപ്പോള്‍ നിലവിലുള്ള അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇത് നിലനിര്‍ത്തി കൊണ്ടു പോകുന്നതിന് സര്‍ക്കാരിന് ആവര്‍ത്തന ചെലവ് ഒന്നും തന്നെയില്ല. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ eVIP സംവിധാനം ഉപയോഗിച്ചാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പാസ്പോര്‍ട്ട് അന്വേഷണം ഏകോപിപ്പിച്ച് വരുന്നത്. പാസ്പോര്‍ട്ട് അപേക്ഷകളിന്മേലുള്ള പോലീസ് അന്വേഷണം നടത്തി കൃത്യ സമയത്തിനകം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നതില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസാണ് കേരളത്തിലെ മറ്റു പോലീസ് ജില്ലകളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
നിലവിലുള്ള ചട്ടപ്രകാരം ഒരു പാസ്പോര്‍ട്ട് അന്വേഷണം പോലീസ് ഡിപ്പര്‍ട്ടുമെന്റില്‍ നിന്നും 20 ദിവസത്തിനകം പൂര്‍ത്തീകരിച്ച് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിലേയ്ക്ക് അയച്ചു നല്കിയാല് കേരള സര്‍ക്കാരിലേയ്ക്ക് 150 രൂപ സേവന ചാര്‍ജ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്നു. നിശ്ചിത 20 ദിവസത്തിന് ശേഷമാണ് പാസ്പോര്‍ട്ട് അന്വേഷണം പൂര്‍ത്തിയാക്കുന്നത് എങ്കില്‍ 50 രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുക.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നിലവിലുണ്ടായിരുന്ന പാസ്പോര്‍ട്ട് വിതരണ രജിസ്റ്ററുകള്‍ 26 എണ്ണം കമ്പ്യൂട്ടര്വത്ക്കരിച്ചതുവഴി പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുകയും ഒരു സാമ്പത്തിക വര്‍ഷം പേപ്പര്‍ ഇനത്തില്‍ സര്‍ക്കാരിന് വന്‍ തുക ചെലവ് ചുരുക്കാനുമായി.
eVIP സംവിധാനം ഏര്‍പ്പെടുത്തിയതുവഴി ഒരു ദിവസം 750 എ ഫോര്‍ പേപ്പര്‍ ഷീറ്റുകള്‍ പ്രിന്റ് ചെയ്യുന്നത് ഒഴിവായിക്കിട്ടി. അതു മൂലം ഒരു വര്‍ഷം ഏകദേശം 2,70,000 എ ഫോര്‍ പേപ്പറുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം പകുതിയായി കുറയ്ക്കാനും സാധിച്ചു.
ഒരാള്‍ക്ക് തന്റെ പാസ്പോര്‍ട്ടിന്റെ നിലയെ കുറിച്ച് അറിയാനുള്ള സംവിധാനവും തൃശൂര്‍ റൂറല്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. www.thrissurruralpolice.gov.in എന്ന വെബ്സൈറ്റില്‍ പോസ്പോര്‍ട്ട് വെരിഫിക്കേഷന് സ്റ്റാറ്റസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ www.sbtsrrl.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കാം. പാസ്പോര്‍ട്ട് അപേക്ഷകന് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ച 15 അക്ക ഫയല്‍ നമ്പര്‍ നിര്‍ദിഷ്ട സ്ഥലത്ത് ടൈപ്പ് ചെയ്താല്‍ പോലീസ് അന്വേഷണത്തിന്റെ തത്സ്ഥിതി അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: