പൊതുവേ, പൗരോഹിത്യത്തിന്റെയും സ്വാർഥരായ വികല പണ്ഡിതന്മാരുടെയും കൈയ്യിൽ കിടന്ന് വീർപ്പ് മുട്ടുന്ന ഇസ്ലാമിക സമുദായത്തിൽ മാറ്റത്തിന്റെയും പുരോഗമനത്തിന്റെയും ആശയങ്ങൾ അടിച്ചമർത്തപ്പെടുകയാണ് പതിവ്. തുർക്കി പോലുള്ള അപൂർവ്വം സമൂഹങ്ങളിൽ മാത്രമേ ആധുനിക ചിന്തയുടെ വെളിച്ചത്തിന് കടന്ന് ചെല്ലാൻ സാധിച്ചിട്ടുള്ളു.
മധ്യകാലത്തെ സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് എഴുതപ്പെട്ട ഖുറാനിലെ നിയമങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അക്ഷരം പ്രതി നടപ്പാക്കുന്നിടത്താണ് സമൂഹത്തിന്റെ വ്യക്തിത്വം നിലനില്‍ക്കുന്നത് എന്ന ധാരണ അടിച്ചേല്‍പ്പിക്കപ്പെട്ട മുസ്ലിം സമുദായത്തെ അന്യ സമുദായങ്ങളും ലോകസമൂഹവും സംശയത്തോടെയാണ് എന്നും വീക്ഷിക്കുന്നത്. മറ്റെല്ലാ സമൂഹങ്ങളും മാറ്റത്തിന്റെ വെളിച്ചം ഉൾക്കൊണ്ട് ആധുനിക സമാജങ്ങളായി മാറിയപ്പോൾ ഇസ്ലാമിക സമൂഹം മാത്രം മധ്യകാല സാമൂഹ്യ വ്യവസ്ഥിതിയുടെ തടവുകാരായി അകന്ന് നിന്നു. ചട്ടമ്പിസ്വാമികളും നാരായണ ഗുരുദേവനും വിടി ഭാട്ടതിരിപ്പാടുമൊക്കെ സ്വന്തം സമുദായത്തിലെ മധ്യകാല മതാന്ധതകളെ വെല്ലുവിളിച്ച് വലിയ സാമൂഹ്യ മുന്നേറ്റം തന്നെ നടത്തിയപ്പോൾ ക്ഷേത്രങ്ങളുടെ വാതിലുകൾ എല്ലാ ജാതിക്കാർക്കും വേണ്ടി മലർക്കെ തുറന്നു. വഴികളും പൊതു ഇടങ്ങളും ദളിതനും ബ്രാഹ്മണനും ഒരുപോലെ ഉപയോഗിക്കാൻ തുടങ്ങി. നൂറ്റാണ്ടുകളിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ട അനാചാരങ്ങളെയാണ് ഇങ്ങിനെ ഒരു പരിധി വരയെങ്കിലും ഹിന്ദു സമൂഹം പിഴുതെറിഞ്ഞത്.
മുസ്ലിം സമൂഹം കാലത്തിനനുസരിച്ച് ക്രിയാത്മകമായി മാറേണ്ടതുണ്ടെന്ന് രഹസ്യ സംഭാഷണങ്ങളിൽ ധാരാളം മുസ്ലിം സുഹൃത്തുക്കൾ അഭിപ്രായപ്പെടാറുണ്ട്. പക്ഷെ അത് പുറത്ത് പറയാൻ ആർക്കും ധൈര്യമില്ല. അത് ഒരിക്കൽ ധീരതയോടെ പറഞ്ഞയാൾ ഇന്ന് ജീവിച്ചിരിപ്പുമില്ല….ചേകന്നൂർ മൗലവി.
1936 ൽ ജനിച്ച ചേകന്നൂര്‍ തികച്ചും യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹം വളർന്നത് തികച്ചും സാമ്പ്രദായികമായ ചുറ്റുപാടുകളിലായിരുന്നു. വളർച്ചയുടെ പടവുകളിൽ പലയിടത്തും വച്ച് എന്തുകൊണ്ട് ഇസ്ലാം ഒറ്റപ്പെടുന്നു എന്നദ്ദേഹം ചിന്തിച്ചു. എട്ടാം നൂറ്റാണ്ടിലെ അറേബ്യൻ സാമൂഹ്യസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നബിയുടെ വാക്കുകളും ഉത്ബോധനങ്ങളും പിന്നീടുള്ള കാലങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഈ ഭീകരമായ ഒറ്റപ്പെടലിനു കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പല ഹദീസുകളും വിശ്വാസ യോഗ്യമല്ല. മാറിയ ലോകക്രമത്തിനനുസരിച്ചു ഇസ്ലാമിക വീക്ഷണങ്ങളും ഖുറാനും പുനർ നിർവചിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ നിലപാടിന് പതുക്കെ അംഗീകാരം കിട്ടാൻ തുടങ്ങി. മൗലവിയുടെ പ്രസംഗങ്ങളിൽ ആൾകൂട്ടം കൂടിക്കൂടി വന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് പ്രതീക്ഷിക്കാത്ത രീതിയിൽ പ്രചാരമേറി.
ഏതൊരു പരിഷ്കര്ത്താവിനുമെന്ന പോലെ അദ്ദേഹത്തിനും പല തരത്തിലുള്ള ഭീഷണികൾ ഏറിവന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളുടെ സംഘടനയായ മർകസ് ആയിരുന്നു മൗലവിക്കെതിരെയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത്. 1993 ജൂലായ് 29 നു വൈകുന്നേരം മൗലവിയുടെ വീടിനു മുൻപിൽ നമ്പർ പ്ലേറ്റില്ലാത്ത ഒരു ജീപ്പ് വന്ന് നിന്നു. നേരത്തെ എറ്റിരുന്ന ഒരു പ്രഭാഷണത്തിനു കൂട്ടിക്കൊണ്ടു പോകാനെന്നു പറഞ്ഞെത്തിയ ചെറുപ്പക്കാരുടെയൊപ്പം യാതൊരു സംശയവുമില്ലാതെ യാത്ര പുറപ്പെട്ട മൗലവി പിന്നെ മടങ്ങി വന്നില്ല. അനുയായികളും പോലീസും നാട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും മൗലവിയെപ്പറ്റിയുള്ള ഒരു വിവരവും കിട്ടിയില്ല.
വർഷങ്ങൾ നീണ്ട അന്വേഷണ പ്രഹസനങ്ങൾക്ക് ശേഷം മൗലവിയുടെ പത്നി ഹവ്വ ഉമ്മയുടെ അപേക്ഷ പ്രകാരം സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.1996 ൽ അന്വേഷനമാരംഭിച്ച സിബിഐ 2000 ൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊഴി പ്രകാരം ജഡം കുഴിച്ചിട്ട മലപ്പുറം ചുവന്ന കുന്നിലെ മല മുഴുവൻ മാന്തിപ്പരതിയിട്ടും ഒരു തുമ്പും കിട്ടിയില്ല. കുഴിച്ചിട്ട അന്ന് രാത്രി തന്നെ ഈ പ്രതികൾ അറിയാതെ മൃതദേഹം വീണ്ടും മാറ്റി എന്ന് പരിസരവാസികൾ പറയുന്നു. ഏതായാലും മൃതദേഹം കിട്ടാത്ത സ്ഥിതിക്ക് ശക്തമായ സാക്ഷിമൊഴികൾ ആവശ്യമായിരുന്നു. പക്ഷെ ഭയചകിതരായ സമുദായാംഗങ്ങളിൽ നിന്ന് സിബിഐക്ക് ഒരു സാക്ഷി മൊഴിയും കിട്ടിയില്ല. ഹവ്വ ഉമ്മയുടെ അപേക്ഷ പ്രകാരം കാന്തപുരം അബൂബക്കർ മുസ്ലയാരെയും പ്രതി ചേര്‍ത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ തള്ളപ്പെട്ടു. ഒടുവിൽ മൗലവിയെ ജീപ്പിൽ കയറ്റി കൊണ്ടുപോയ ഒന്നാം പ്രതി വിവി ഹംസയെ മാത്രം ശിക്ഷിച്ചു. ജീവപര്യന്തം തടവിന്.
ഇപ്പോഴും എടപ്പാൾ കുറ്റിപ്പുറം റോഡിലെ ആ ചെറിയ വീടിനു സമീപമെത്തുമ്പോൾ അകാലത്തിൽ ഒടുങ്ങിപ്പോയ ഒരു കൊടുങ്കാറ്റിന്റെ മർമരം കേൾക്കാം. ഇസ്ലാമിനു നഷ്ടമായത് ഒരു വലിയ പ്രകാശമാണ്. നാരായണ ഗുരുദെവനെപ്പൊലെ സാമ്പ്രദായിക പൗരോഹിത്യങ്ങളെ വെല്ലുവിളിച്ച് ഒരു ആധുനിക സമൂഹമാകാനുള്ള സുവർണാവസരമാണ് കേരളത്തിലെ ഇസ്ലാമിനു കൈവിട്ട് പോയത്. അത് ഇസ്ലാമിന്റെ മാത്രം നഷ്ടമല്ല, മുഴുവൻ സമൂഹത്തിന്റെ കൂടിയാണ്.
പ്രീണിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരല്ല, വിമർശിക്കുകയും വിരൽ ചൂണ്ടുകയും ചെയ്യുന്നവരാണ് യഥാർഥ മിത്രങ്ങൾ എന്ന് മുസ്ലിം സമൂഹം മനസ്സിലാക്കാത്ത കാലത്തോളം സിറിയകളിലെ സ്വർഗ്ഗഭൂമികൾ അവരുടെ ചെറുപ്പക്കാരെ വിളിച്ച് കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: