ആറന്മുളക്ക് മാത്രം പെരുമപ്പെടാവുന്ന സാംസ്കാരിക പൈതൃകവും ആചാരാനുഷ്ഠാനങ്ങളും ഇഴചേരുന്നതാണ് തിരുവാറന്മുള പാർത്ഥസാരഥിയുടെ വള്ളസദ്യ..! കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആറന്മുള മാഹാത്മ്യത്തിലും ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയിലും ഇത് വിവരിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ തിരുമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. ആറന്മുളയിലെ 47 കരയില്‍ നിന്നുള്ള പള്ളിയോടങ്ങളും സദ്യയില്‍ പങ്കെടുക്കും. മൂന്നുലക്ഷത്തോളം ഭക്തര്‍ അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നു. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ 48-ല്‍ പരം വിഭവങ്ങളാണ് വള്ളസദ്യക്ക് വിളമ്പുന്നത്. അഷ്ടമിരോഹിണിയിലെ വള്ളസദ്യക്ക് 501 പറയില്പരം അരിയുടെ സദ്യയാണ് ഒരുക്കുന്നത്.
കടുമാങ്ങ, ഉപ്പുമാങ്ങ, നാരങ്ങ, അമ്പഴങ്ങ, ഇഞ്ചി, നെല്ലിക്ക, പുളിയിഞ്ചി, കായ വറുത്തത്, ചക്കഉപ്പേരി, ശർക്കര വരട്ടി, ഉഴുന്നുവട, എള്ളുണ്ട, ഉണ്ണിയപ്പം, കൂട്ടുകറി: അവിയൽ, ഓലൻ, പച്ചഎരിശേരി, വറുത്ത എരിശ്ശേരി, മാമ്പഴ പച്ചടി, കൂട്ടുകറി, ഇഞ്ചിതൈര്, കിച്ചടി, ചമ്മന്തിപ്പൊടി, തകരതോരൻ, ചീരത്തോരൻ, ചക്കതോരൻ, കൂർക്കമെഴുക്കുപുരട്ടി, കോവയ്ക്ക മെഴുക്കുപുരട്ടി, ചേനമെഴുക്കുപുരട്ടി, പയർമെഴുക്കുപുരട്ടി, നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശ്ശേരി, പാളത്തൈര്, രസം, മോര്, അമ്പലപ്പുഴ പാൽപ്പായസം, പാലട, കടലപായസം, ശർക്കരപായസം, അറുനാഴിപായസം, കൂടാതെ പുത്തരി ചോറ്, പപ്പടം വലിയത്, പപ്പടം ചെറിയത്, പൂവൻപഴം, അട, ഉപ്പ്, ഉണ്ടശർക്കര, കൽക്കണ്ടം, പഞ്ചസാര, മലർ, മുന്തിരിങ്ങ, കരിമ്പ് പിന്നെ തേനും.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ പ്രധാനമായും അര്‍പ്പിക്കുന്നത് ചുണ്ടന്വള്ളത്തിലെ തുഴക്കാര്ക്കാണ്. ക്ഷേത്രകടവിലെത്തുന്ന വള്ളക്കാരെ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ മുത്തുക്കുടകളോടും വാദ്യമേളങ്ങളോടും കൂടി സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിക്കുന്നു. വള്ളപ്പാട്ടിന്റെ താളത്തില്‍ മുത്തുക്കുട വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴ) ആറന്മുളയപ്പന്റെ നടയ്ക്കൽ വയ്ക്കുന്നു.
ശേഷം വള്ളപ്പാട്ട് പാടിക്കൊണ്ട് വള്ളസദ്ക്കായ് ഊട്ടു പുരയിലേയ്ക്ക് പോകുന്നു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പണം. ഇങ്ങനെ കഴിച്ചു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണമായ പതിവുകള്‍. പാടി ചോദിക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
‘… ചേനപ്പാടി ചേകവന്റെ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്…..’
വള്ളസദ്യകഴിഞ്ഞ് എല്ലാവരും തിരുവാറന്മുളയപ്പനെ നമസ്കരിക്കണം..! അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ഇതിനെ ‘പറ തളിക്കുക’ എന്നാണ് പറയുന്നത്. പള്ളിയോടക്കരക്കാർ ദക്ഷിണവാങ്ങി പള്ളിയോടത്തില്‍ അവരുടെ കരയിലേക്ക് പോകുന്നു. അതും വള്ളപ്പാട്ടിന്റെ താളത്തില്‍..!!
ശ്രീപത്മനാഭാ മുകുന്ദ മുരാന്തക.. നാരായണ നിന്നെ കാണുമാറാകേണം…!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: