ലോകത്തിലെ ഏറ്റവും വലിയ ആയുധ വിപണികളിൽ ഒന്നാണ് ഭാരതം. ഭൂമിയിലെ നാലാമത്തെ വലിയ സൈനിക ശക്തിക്ക് ആവശ്യമായ ആയുധങ്ങൾ വിതരണം ചെയ്യാൻ ആയുധക്കമ്പോളത്തിൽ വൻ മത്സരമാണു നടക്കുന്നത്. ഭീമമായ പർച്ചേസ്, കൃത്യമായ പേയ്മന്റ് എന്നീ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഭാരതത്തിന്റെ ഓർഡറുകൾക്ക് എന്നും വലിയ പ്രാധാന്യമാണ്.
ലക്ഷക്കണക്കിനു കോടി രൂപയുടെ ഇടപാടുകളായത് കൊണ്ട് വൻ ഉപജാപങ്ങളും കമ്മീഷനുകളും തിരിമറികളുമെല്ലാം ആയുധ ഇടപാടുകളിൽ സാധാരണയാണ്. പ്രൊഡക്റ്റ് സെലക്ഷൻ മുതൽ ഷോർട് ലിസ്റ്റിംഗ്, ഡെമൊൻസ്ട്രേഷൻ, സാങ്കേതിക പരിശോധന, വില, പേയ്മന്റ് എന്നിങ്ങനെ ഓരോ ഘട്ടങ്ങളിലും മേശക്കടിയിലൂടെ മറിയുന്ന ആയിരക്കണക്കിനു കോടികൾക്ക് ഒരു കണക്കുമില്ല. ഉന്നത രാഷ്ട്രീയ നേതൃത്വം മുതൽ പ്രതിരോധ മന്ത്രാലയത്തിലെ തൂപ്പുകാരൻ വരെ ഇതിലെ കണ്ണികളാണ്. ഇതിനിടയിൽ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം, ശരിയായ വിലക്കാണൊ വാങ്ങിയത് എന്നിവയെല്ലാം പടിക്ക് പുറത്ത്.
1999-2004 കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് ആദ്യമായി സിയാച്ചിൻ ഹിമാനിയിലെ ഇന്ത്യന്‍ ക്യാമ്പിലെത്തി. മരണം പതിയിരിക്കുന്ന ആ മഞ്ഞുമലയിൽ സൈനികർ നീങ്ങുന്നത് മുട്ടോളം പുതയുന്ന മഞ്ഞിലൂടയാണു. നൂറു മീറ്റർ പോകണമെങ്കിൽ ഒരുണിക്കൂർ വേണ്ട അവസ്ഥ. മഞ്ഞിലൂടെ മിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സ്നോ സ്കൂട്ടർ സൈന്യം ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. ഒന്നും നടന്നിട്ടില്ല.
തിരികെ ദല്‍ഹിയിലെത്തിയ ജോർജ്ജ് ഫെർണാണ്ടസ് ആദ്യമെടുത്തത് ഈ വിഷയമായിരുന്നു. മുലായം സിംഗ് പ്രതിരോധമന്ത്രിയായിരുന്നപ്പോൾ ആഗോള ടെൻഡർ വിളിച്ച പർച്ചേസ് ഫയലുകളിൽ സുഖനിദ്ര. സ്കൂട്ടർ വാങ്ങുന്നതിനുള്ള പിന്നാമ്പുറ ഡീലുകൾ നടന്നിട്ടില്ലാത്തതുകൊണ്ട് സിയാച്ചിനിൽ സൈനികർ മൈനസ് ഇരുപത് ഡിഗ്രിയിൽ മുട്ടോളം പൊന്ന മഞ്ഞിലൂടെ ഇഴഞ്ഞ് നീങ്ങുന്നു. പുഴുക്കളെ പോലെ മരിച്ച് വീഴുന്നു. ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി അടുത്ത മഞ്ഞുകാലത്തിനു മുൻപ് ജോർജ്ജ് ഫെർണാണ്ടസ് സിയാച്ചിനിൽ സ്കൂട്ടറുകളെത്തിച്ചു. ദല്‍ഹിയില്‍ എസി മുറിയിൽ ഫയലുകൾക്ക് മേൽ അടയിരുന്ന എല്ലാ ബാബുമാരേയും മൂന്ന് മാസത്തേക്ക് സിയാച്ചിനിലേക്ക് ട്രാൻസ്ഫർ ചെയ്തു.
ഇതൊരുദാഹരണം മാത്രം. സൈന്യം ആവശ്യപ്പെടുന്ന കാര്യം എത്രയും പെട്ടന്ന് കാര്യക്ഷമമായ രീതിയിൽ ന്യായമായ വിലക്ക് വാങ്ങിക്കൊടുക്കുക എന്നത് ഒരു പ്രാധാന്യമേ അല്ലായിരുന്നു. പതിറ്റാണ്ടുകളോളം സോവിയറ്റ് ആലയത്തിൽ കുടുങ്ങിക്കിടന്ന നമ്മുടെ ഡിഫൻസ് പർച്ചേസുകളിൽ വിലപേശൽ എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല. അവർ പറയുന്ന വിലക്ക് വാങ്ങും കൊടുക്കും. സാങ്കേതിക വിദ്യ തരില്ല, സ്പെയർ പാർട്ടുകൾ തരില്ല. എന്തങ്കിലും റിപ്പയർ ആവശ്യമായിവന്നാൽ സോവിയറ്റ് വിദഗ്ധർ നേരിട്ട് വന്ന് ചെയ്യും. നമ്മുടെ എഞ്ചിനിയർമാരെ നാലയലത്ത് അടുപ്പിക്കില്ല. ഓപ്പറേഷൻ മാനുവലുകൾ പോലും റഷ്യൻ ഭാഷയിൽ. എവിടെയൊക്കെ ആർക്കൊക്കെ എത്ര കോടികൾ മറിഞ്ഞു എന്നത് കുഴിച്ച് മൂടപ്പെട്ട രഹസ്യം.
പത്ത് വർഷങ്ങളായി വ്യോമസേന ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യമാണ് കാലാവധി കഴിഞ്ഞ 1970 കളിൽ വാങ്ങിയ മിഗ് 21 വിമാനങ്ങൾക്ക് പകരമുള്ളത്. ഇന്ന് ലോകത്തിൽ തന്നെ ഈ വിമാനങ്ങൾ ഉപയോഗിക്കുന്ന ഒരേയൊരു വ്യോമസേന നാം മാത്രമാണു. പറന്ന് തളർന്ന വിമാനങ്ങളിൽ ജീവൻ പണയം വെച്ച് വൈമാനികർ ദൗത്യങ്ങൾ നടത്തി. ധാരാളം വിമാനങ്ങൾ തകർന്നു. വിദഗ്ധരായ നൂറുകണക്കിനു പൈലറ്റുകളെ നഷ്ടപ്പെട്ടു. പക്ഷേ ഫയൽ അനങ്ങിയില്ല.
കഴിഞ്ഞ കൊല്ലം മനോഹർ പരീക്കർ ഈ ഇടപാട് പൊടിതട്ടിയെടുക്കുമ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് വീണ്ടും ഒരു പത്ത് കൊല്ലം എന്നാണു. കാര്യങ്ങൾ അതിവേഗം നീങ്ങി. ബോയിങ്ങും മിഗ്ഗും എഫ് 16 ഉം ഒക്കെ തകർത്ത് മത്സരിച്ച ഇടപാടിൽ നറുക്ക് വീണത് ഫ്രഞ്ച് കമ്പനിയായ ഡെഫാൾട്ടിന്റെ ഇരട്ട എഞ്ചിൻ റാഫേലിനു. എല്ലാ ഇടനിലക്കാരേയും ഒഴിവാക്കി. പ്രധാനമന്ത്രി നേരിട്ട് ഫ്രഞ്ച് സര്‍ക്കാരുമായി സംസാരിച്ചു.
ഭാരതത്തിന്റെ അത്യാവശ്യം മനസ്സിലാക്കി വിലയിൽ കളിക്കാൻ ശ്രമിച്ച ഫ്രഞ്ചുകാർക്ക് പക്ഷേ തെറ്റി. പിശുക്കനായ ഒരു മുരട്ട് കാരണവരെ പോലെ പെരുമാറിയ മനോഹർ പരീക്കറുടെ സ്വഭാവം അവർക്ക് പുതിയ അനുഭവമായിരുന്നു. വേണ്ടിവന്നാൽ പോയി പണിനോക്ക് എന്ന് വരെ പരീക്കർ പറഞ്ഞപ്പോൾ അവർ വില കുറച്ചത് 200 കോടി യൂറോ. എഞ്ഞു വച്ചാൽ 16000 കോടി രൂപ. കഴിഞ്ഞില്ല. സാങ്കേതിക വിദ്യ കൈമാറണം. മേക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി ഇവിടെ നിർമ്മിച്ച റാഫേലുകൾ കയറ്റുമതി ചെയ്യണം, കാവേരി എഞ്ചിനു ആവശ്യമായ സാങ്കേതിക സഹായം ചെയ്യണം. എല്ലാം കഴിഞ്ഞ്, ഒരു മര്യാദക്ക് വില ഒരു ഒന്നരലക്ഷം യൂറോ കൂടി കുറക്കണം. അങ്ങനെ നമുക്ക് കരാറങ്ങ് ഉറപ്പിക്കാം എന്ന് എന്നുകൂടി ആവശ്യപ്പെട്ടപ്പോൾ അന്തം വിട്ട് അനുസരിക്കാനേ സായിപ്പിനു കഴിഞ്ഞുള്ളു.
തങ്ങളുടെ ആവശ്യത്തിനും വിലക്കും അവർ വരച്ച വരയിലൂടെ ചലിച്ച് കൊണ്ടിരുന്ന ഒരു ഭരണകൂടമല്ല, പകരം ഞങ്ങൾ പറയും നിങ്ങളങ്ങ് കേട്ടാൽ മതി എന്ന നിലപാടുള്ള ഒരു നേതൃത്വമാണിന്ന് ഭാരതം ഭരിക്കുന്നത് എന്നത് ലോകം തിരിച്ചറിയുന്നത് ഒരു ഞെട്ടലോടയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: