പതിതയായി ശാപമോക്ഷം പ്രതീക്ഷിച്ചു ശിലയായി കഴിയുന്ന അഹല്യയെ വണങ്ങിയതിനു ശേഷമാണ് ശ്രീരാമൻ തന്റെ പാദസ്പർശനം കൊടുക്കുന്നത്. അഭയം തേടുന്ന ഭക്തയായ മുനിപത്നിയെ ആദ്യം വണങ്ങി ആദരിക്കുന്ന ഈശ്വരൻ! മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങൾക്കും കുലീനമായ ഇടപെടലിനും സ്വയം മാതൃക കാട്ടുന്ന ഈശ്വരൻ !
മറ്റേത് വിശ്വാസ സംഹിതയിലുണ്ട് ഈശ്വരനെക്കുറിച്ച് ഇത്ര മഹത്തായ, മാതൃകാപരമായ ഒരു സങ്കൽപ്പം ? ഈശ്വരൻ എന്നത് സൃഷ്ടിയിൽ നിന്നന്യമായി മറ്റെവിടെയോ മറഞ്ഞിരിക്കുന്ന ഒരു സത്വമല്ല, മറിച്ച് സൃഷ്ടിയിൽ ആകമാനം ഉൾച്ചേർന്നിരിക്കുന്ന ചൈതന്യം തന്നെയാണെന്നും അവൻ തന്നെയാണ് ഓരോ ജീവന്റെയുള്ളിലും ‘ഞാൻ‘ എന്ന ഭാവത്തോടെ പ്രത്യക്ഷമായി ലീലയാടുന്നതെന്നും ഉള്ള മഹാസത്യത്തെ രാമായണം നിരന്തരമായി ഓർമ്മിപ്പിക്കുന്നു.
ബാലകാണ്ഡത്തിലെ അഹല്യാ സ്തുതിയിൽ കാണുന്ന ഈശ്വരസങ്കൽപ്പമിതാ
പുരുഷൻ പുരാതനൻ കേവലസ്സ്വയംജ്യോതി
സകല ചരാചര ഗുരുകാരുണ്യമൂർത്തി
………
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദി ഭൂതനായതും ഭവാനല്ലോ
………
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ
ശുദ്ധനദ്വയൻ സമൻ നിത്യൻ
നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ
നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം
ശക്തിയുക്തൻ
സത്വങ്ങളുള്ളിൽ വാഴും ജീവാത്മാവായ
നാഥൻ
അദ്വൈതവും ഭക്തിയോഗവും സൃഷ്ടി സ്ഥിതി സംഹാര തത്വവും ഒക്കെ രാമായണത്തിലെ അനവധി സ്തുതികളിലൂടെ ഇങ്ങനെ കടന്നു വരുന്നു. ഈ ഈശ്വരസങ്കൽപ്പം മനുഷ്യനെ ശാന്തനും സ്വസ്ഥനും ദയാലുവുമാക്കി മാറ്റാൻ പര്യാപ്തമാണ്.
ഇത്തരം ആത്യന്തികവും നിരുപാധികവുമായ സമദർശനം ഉയർത്തിപ്പിടിക്കുന്ന രാമായണം ചൂഷണത്തിനും വിഭാഗീയതയ്ക്കും വളം വയ്ക്കുന്നതാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം കുറച്ചെങ്കിലും ചെലവാകുന്നത് അനുവാചകർ ഇത്തരം ഗ്രന്ഥങ്ങളെ നേരിട്ട് സമീപിക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ്.
ആ അലസതയാണ് ദുഷ്പ്രചാരണം ചെയ്യുന്നവർക്ക് പ്രചോദനമേകുന്നത്.
പുരാണങ്ങളിൽ കാണുന്ന ഈശ്വരാവതാരങ്ങൾ കേവലം അധർമ്മികളെ കൊന്നൊടുക്കാൻ വരുന്ന വീരനായകന്മാരല്ല. അവരിൽ പലരേയും ഈശ്വരൻ കൊല്ലുകയല്ല സംഹരിയ്ക്കുകയാണ് ചെയ്യുന്നത്. സംഹാരം എന്നാൽ പൂർണ്ണമായ തിരിച്ചെടുക്കൽ എന്നർത്ഥം.
അവരിലെ കർമ്മബന്ധം ഒടുങ്ങിക്കഴിഞ്ഞവർക്ക് ഭഗവാന്റെ കൈകൊണ്ടുള്ള മരണം മോക്ഷത്തിലേക്കുള്ള വഴിയാണ്. അതിദുർലഭമായ പരമാനുഗ്രഹമാണ് അവർക്ക് ലഭിക്കുന്നത്. സാധാരണ നിലയ്ക്ക് നീണ്ട തപസ്സും മറ്റ് ആദ്ധ്യാത്മിക സാധനകളും കൊണ്ട് നേടിയെടുക്കേണ്ടുന്ന ഒന്നാണ് മോക്ഷപദം. ഈശ്വരന്റെ അവതാരം അധർമ്മികൾക്കു പോലും പരമപുരുഷാർഥ പ്രാപ്തിക്കുള്ള അവസരമായി തീരുന്നു.
പുരാണങ്ങളിലെ അവതാരങ്ങൾ കോപവും പരാക്രമവും ഒക്കെ കാട്ടുന്നതായി വർണ്ണിക്കുന്ന എണ്ണമറ്റ സംഭവങ്ങളിൽ ഒടുവിൽ അജ്ഞതയും മദവും കൊണ്ടു മത്തുപിടിച്ച ദുഷ്ടന്മാർ അഹങ്കാരം നഷ്ടപ്പെട്ട് പൂർണ്ണമായി അടിപറഞ്ഞു കഴിയുമ്പോൾ ഭഗവാൻ പുഞ്ചിരിതൂകി പ്രസന്നവദനനായി അനുഗ്രഹിക്കുന്നതും കാണാം.
ഈശ്വരന്റെ കോപവും ശാപവും താഡനവും എല്ലാം അവിടുന്ന് ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പ്രപഞ്ചനാടകത്തിലെ വെറും ലീലകൾ മാത്രമാണ് എന്നു നാം ഒടുവിൽ കണ്ടെത്തുന്നു. ആത്യന്തികമായി അസൂയാലുവും പ്രതികാരദാഹിയും അധികാരപ്രമത്തനുമായ ഒരീശ്വരസങ്കൽപ്പം ഹിന്ദുധർമ്മത്തിന് അന്യമാണ്.
(തുടരും)
(കഴിഞ്ഞ ദിവസം ഈ ലേഖനത്തിന്റെ
തുടർച്ചയിൽ ഉണ്ടായ പിഴവിൽ ഖേദിക്കുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: