വത്തിക്കാന്‍ സിറ്റി: കത്തോലിക്ക പള്ളികളില്‍ ഡീക്കന്മാരായി (ഉപപുരോഹിതര്) വനിതകളെ നിയോഗിക്കാന്‍ മാര്‍പ്പാപ്പയുടെ തീരുമാനം. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്കാന് പ്രത്യേക കമ്മിഷനെ ചുമതലപ്പെടുത്തി. നിലവില്‍ സിഎസ്ഐ സഭയില്‍ വനിതാ ബിഷപ്പുവരെ ഉണ്ടെങ്കിലും കത്തോലിക്കാ സഭയുടെ പുരോഹിതവൃത്തിയില്‍ വനിതകളെ നിയോഗിക്കുന്നത് ചരിത്ര സംഭവമാകും.
ജോണ്‍പോള്‍ രണ്ടാമന് മാര്‍പ്പാപ്പ ഇതു സംബന്ധിച്ച് പഠനം നടത്തിച്ചെങ്കിലും 1994-ല്‍ ഈ നിര്‍ദ്ദേശം തള്ളിയിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യത്തില്‍ സമിതിയുടെ ശുപാര്‍ശ വരട്ടെയെന്ന നിലപാടിലാണ്.
നിയുക്ത സമിതിയിലെ 13 അംഗങ്ങളില്‍ ആറുപേരാണ് വനിതകള്‍. കഴിഞ്ഞ മേയില്‍, ഒരു ചര്‍ച്ചക്കിടെ, വനിതാ പുരോഹിതരെ നിയമിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മാര്‍പ്പാപ്പ അറിയിച്ചിരുന്നു. നിലവില്‍, പള്ളികളിലെ മുഖ്യപുരോഹിതന്റെ തൊട്ടുതാഴെയുള്ള പദവിയില്‍ നിയോഗിക്കാനാണ് ആലോചന.
ഇവര്‍ക്ക് കുര്‍ബാന നടത്താനോ, കുമ്പസാരിപ്പിക്കാനോ അധികാരമില്ല. എന്നാല്‍ മുഖ്യ പുരോഹിതന്റെ അഭാവത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അധികാരം കിട്ടും. മാമോദിസ, വിവാഹം, അന്ത്യശുശ്രൂഷ തുടങ്ങിയവ നടത്താം. വിവാഹം കഴിക്കാനും ഇവര്‍ക്ക് അനുമതിയുണ്ടാകും.
സഭയില്‍ സ്ത്രീകള്‍ക്ക് നയരൂപീകരണത്തില്‍ പങ്കാളിത്തമില്ലെന്നും അധികാര നിര്‍ണ്ണയത്തില്‍ അവര്‍ പിന്തള്ളപ്പെടുന്നുവെന്നുമുള്ള വാദം ശക്തമാണ്. ഇപ്പോള്‍ മുഖ്യ പുരോഹിതരായല്ലെങ്കിലും നിയമിക്കാന്‍ എടുത്ത തീരുമാനം മികച്ച ചുവടുവയ്പ്പാണെന്ന് വനിതാ പുരോഹിര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
ദൈവശാസ്ത്ര പ്രകാരം നിയമതടസമൊന്നും ഇതിനില്ല. വളരെപ്പണ്ടുതന്നെ ക്രിസ്തീയ ആരാധനാ സംവിധാനത്തില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നു, അവര്‍ പറയുന്നു.
ശുപാര്‍ശ നല്കാന് സമിതിക്ക് സമയപരിധിയൊന്നും നിശ്ചയിട്ടില്ലെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്പെയിന് ആര്‍ച്ച് ബിഷ്പ് ലൂയിസ് ലദാറിയയാണ് സമിതി അദ്ധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: