ന്യൂദല്‍ഹി: കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ തുറന്നുകാട്ടാന്‍ ദല്‍ഹിയില്‍ ഇന്ന് ഏകദിന സെമിനാര്‍ നടക്കും. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജിജു ഉദ്ഘാടനം ചെയ്യുന്ന സെമിനാര്‍ സാംസ്ക്കാരിക സംഘടനയായ നവോദയമാണ് സംഘടിപ്പിക്കുന്നത്. റെഡ്ട്രോസിറ്റി എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേരളത്തില്‍ സിപിഎം അക്രമത്തിനിരയായ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുക്കും.
രാവിലെ 10ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ സദാനന്ദന് മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്, എഴുത്തുകാരി അദ്വൈത കല എന്നിവര്‍ സംസാരിക്കും.
കേരളത്തില്‍ വനിതകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പര്‍ ഡോ. സരസു, ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രുതിമോള്‍, അഡ്വ. മോണിക്ക അറോറ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ഉള്‍പ്പടെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, അല്‍ഫോണ്‍സ് കണ്ണന്താനം, സിപിഎം അക്രമത്തിനിരയായ ഷാജി, സനൂപ്, കാര്‍ത്തിക് എന്നിവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് അരംഭിക്കുന്ന സമാപന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, മീനാക്ഷി ലേഖി എംപി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: