ന്യൂദല്‍ഹി: സിംഹങ്ങളെ പശ്ചാത്തലമാക്കി ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് വനം വകുപ്പ് 20,000 രൂപ പിഴയിട്ടു. ഗുജറാത്തിലെ ഗീര്‍ വനത്തിനുള്ളിലായിരുന്നു ജഡേജയുടെ വീരസാഹസം. ഇതില്‍ അന്വേഷണം നടത്താന്‍ ഗുജറാത്ത് വനംവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ജഡേജയ്ക്കു പിഴയിട്ടിരിക്കുന്നത്.
ഏഷ്യന്‍ സിംഹങ്ങള്‍ക്ക് പേരു കേട്ട ഗീര്‍ നാഷണല്‍ പാര്‍ക്കും വന്യജീവി സങ്കേതവും സംരക്ഷിത മേഖലയാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ, വനത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍നിന്നു പുറത്തിറങ്ങുന്നത് കുറ്റകരവുമാണ്. എന്നാല്‍ ഇവിടെ വാഹനം നിര്‍ത്തി സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ജഡേജയും ഭാര്യ റിവയും ഫോട്ടോയെടുത്തു. ഇവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സുരക്ഷാ മുന്‍കരുതലുകളൊക്കെ കാറ്റില്‍പറത്തിയുള്ള ജഡേജയുടെ ഈ നടപടിക്കെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ചിലരെ സിംഹങ്ങള്‍ ആക്രമിച്ചതുമൂലം പലര്‍ക്കും ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് താരമാണ് രവീന്ദ്ര ജഡേജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: