കണ്മണിക്കണ്ണനു കണ്മഷി വേണമെ
ന്നമ്മയോടായി പറഞ്ഞു.
കണ്മഷി കണ്ണിനാണുങ്ങള്ക്കു വേണ്ടെന്നു
അമ്മ ചിരിച്ചു പറഞ്ഞു.
ആണിനു കണ്മഷി വേണ്ടയെന്നമ്മയെ
ആരുപറഞ്ഞു പറ്റിച്ചു?!
കണ്ണന് മിടുക്കനാണല്ലെങ്കിലും, മഷി
കണ്ണിലെഴുതുവാനാണോ?
കണ്ണിലെഴുതുവാനല്ലാതെ പിന്നതു
തിന്നുവാന്‍ പറ്റുന്നതാണോ?
തിന്നുവാനും മടിക്കില്ലനീ, ഇന്നലെ
മണ്ണുവാരിത്തിന്നുവല്ലോ!
മണ്ണു വേറെ മഷി വേറെ; അല്പം മഷി
കണ്ണിലെഴുതാന്‍ തരാമോ?
എന്തിനു കണ്ണെഴുതുന്നു നീ? കൂടുതല്‍
സുന്ദരനാകുവാനാണോ?
പരിഭവം നിഴല്‍ വീണ പൂമുഖം; ചെറുദു:ഖം,
പരിതപിച്ചോമന ചൊല്ലി:
കണ്ണന്റെ കണ്ണുകള്‍ മാത്രമീ നീല, മ
റ്റുള്ളവയെല്ലാം കറുപ്പും!
കണ്മഷി കണ്ണിലെഴുതിയാല്‍ പക്ഷേ
യെന്‍ കണ്ണൂം കറുത്തതായ് തീരും!
പരിദേവനം കേട്ടു പരമമാം വാത്സല്യ
പരവശയായുമ്മ വച്ചു
മണിവര്‍ണ്ണനെ തന്റെ മാറോടു ചേര്‍ക്കുന്നു
മധുരമായ് ചൊല്ലുന്നു ജനനി:
ഇതുപോലെ സുന്ദര നയനങ്ങള്‍ ഭൂമിയി
ലൊരുവനുമില്ലെന്റെ കണ്ണാ!
ഇതുപോലെ ഹൃദയ മനോഹരന് ഭൂമിയി
ലെവിടെയുമില്ലെന്റെ കണ്ണാ!
ഇതുപോലെ ദര്‍ശന കൗതുകം ഭൂമിയി
ലൊരിടത്തുമില്ലെന്റെ കണ്ണാ!
ഇതുപോലനുഗ്രഹം മറ്റാര്‍ക്കുമില്ല, എന്‍
സുകൃതമല്ലേ നീ മുകുന്ദാ!
ശതകോടി ജന്മങ്ങള് ഞാന്‍ ചെയ്ത സല്ക്കര്മ്മ
വരപുണ്യമാണു നീ മുത്തേ!
മഹിതമാം തത്വങ്ങളുണരുന്ന സത്യങ്ങള്‍
പ്രകൃതിയില്‍ നീല വര്‍ണ്ണങ്ങള്‍!
ആഴിയും ആകാശവും പ്രിയന് കണ്ണന്റെ
ആകാരവും നീലയല്ലേ?!
കണ്‍പീലിയും മയില്‍ പീലിയും കണ്ണന്റെ
കാര്‍ കൂന്തലും നീലയല്ലേ?!
പരിഭവം പാടില്ല; കണ്ണന്റെ കണ്ണിന്
കരിമഷി ഭുവനത്തിലില്ല!
കരിനീലക്കണ്ണന്റെ കണ്ണിനായ് കണ്മഷി
കരുതുവാന്‍ കഴിവില്ലൊരാള്ക്കും!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: