തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കൂട്ടര് മാത്രം ജോലി ചെയ്താല്‍ മതിയെന്ന് അഭിഭാഷകര്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാനും ചീഫ് ജസ്റ്റിസും ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. ഒരു വിഭാഗം അഭിഭാഷകര്‍ ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കില്ലെന്ന നിലപാട് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കടക്കാന്‍ സാധിക്കുന്നില്ലെന്നത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഞ്ചിയൂര്‍ കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ഇത്തരം സ്ഥിതിവിശേഷങ്ങള്‍ അതീവ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: