ആലപ്പുഴ/കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നോട്ട് മാറാന്‍ ക്യൂ നിന്ന രണ്ട് പേര് കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ കുമാരപുരം സ്വദേശി കാര്ത്തികേയന്, തലശേരി പിണറായി സ്വദേശി ഉണ്ണികൃഷ്ണന് എന്നിവരാണ് മരിച്ചത്.
ആലപ്പുഴയില്‍ ഡാണാപ്പടി എസ്ബിടി ശാഖയിലായിരുന്നു കാര്ത്തികേയന് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് കാര്ത്തികേയന് ബാങ്കിലെത്തിയത്. കുഴഞ്ഞ് വീണ ഉടന്‍ തന്നെ കാര്‍ത്തികേയനെ ഹരിപ്പാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂര്‍ തലശേരിയിലും സമാനമായ സംഭവം ഉണ്ടായി. നോട്ട് മാറ്റി വാങ്ങാനെത്തിയ ആള് ബാങ്കിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു. പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇയാള്‍ കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പിഎഫില്‍ നിന്നും എടുത്ത രൂപയായിരുന്നു ഇത്.
വരിയില്‍ കാത്ത് നില്‍ക്കുന്നതിനിടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി സമീപത്ത് നിന്നവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പോയി ഒരു ജനലിന് സമീപത്ത് ഇരുന്നു. ഈ സമയം ജനലിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ജനലിന് ഗ്ലാസ് ഇല്ലാത്തതാണ് താഴെ വീഴാന്‍ കാരണം. തലയ്ക്ക് പിന്നിലാണ് പരിക്കേറ്റിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പുണ്ടായ അപകടം മൂലം ചില അസുഖങ്ങളും ഉണ്ണിക്ക് ഉണ്ടായിരുന്നു.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: