വലിയകുളം നിറയെ രാക്ഷസരൂപം പൂണ്ട മുള്ളന്‍ പായലുകള്നിറഞ്ഞിരിന്നു. മനുഷ്യര്‍ കുളിക്കാനോ കുടിക്കാനോ കടവിറങ്ങാന്‍ പോലുമോ വലിയകുളം ഉപയോഗിക്കാറില്ല. പായലിനടിയില്‍ നിറയെ മീനുകളുണ്ടെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കിലും മീന്‍ പിടിക്കാന്‍ ആരും ധൈര്യപ്പെടാറില്ല കാരണം വലിയകുളത്തില്‍ ഇറങ്ങിയവരെയൊന്നും മുള്ളന്‍ പായല്‍ ജീവനോടെ തിരികെ തന്നിട്ടില്ല.
പലപ്പോഴും ആട്ടിന്‍ കുട്ടികളും പശുക്കുട്ടികളും കൂത്താടി നടന്ന് അബദ്ധത്തില്‍ വലിയകുളത്തില്‍ വീണിട്ടുണ്ട് ; മരണവെപ്രാളത്തോടെയുള്ള അതിന്റെയൊക്കെ നിലവിളികള്‍ അന്തരീക്ഷത്തില്‍ ലയിച്ച് ഇല്ലാതാവുകയാണ് പതിവ്.
ഓടിക്കൂടിയ ജനങ്ങളില്‍ ചിലര്‍ കരയില്‍ നിന്ന് സഹതപിക്കുകയും ഒന്നും ചെയ്യാന്‍ കഴിയാതെ നെടുവീര്‍പ്പിടുകയും ചെയ്യുമ്പോള്‍ ചിലര്‍ മുള്ളന്‍ പായലിന്റെ ശാസ്ത്രീയ നാമവും, അവ കാലിലും കൈയിലും ചുറ്റി മരണത്തിലേക്ക് നയിക്കുന്ന രീതിയും, രക്ഷപ്പെടുത്താന്‍ ശ്രമിച്ചാലുണ്ടാകാവുന്ന അപകട സാദ്ധ്യതയുമൊക്കെ ചര്‍ച്ച ചെയ്ത് മടങ്ങുകയും ചെയ്യും. പിന്നീട് മരണപ്പെട്ട ആട്ടിന്‍ കുട്ടികളും പശുക്കുട്ടികളുമൊക്കെ മുള്ളന്‍ പായലിന് വളമാകുകയും കുളത്തിലെ മീനുകള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും.
കൃഷണ പിള്ള ചേട്ടന്റെ ചായക്കടയില്‍ മുടങ്ങാതെ പാലുമായി വരുന്ന കാര്‍ത്ത്യായനി പതിവിലും വൈകിയാണ് അന്നെത്തിയത്. പാലാണെങ്കില്‍ എന്നും കൊടുക്കുന്നതിലും വളരെക്കുറവും.
‘എന്താ കാര്‍ത്ത്യായനീ പാല് കുറഞ്ഞ് പോയത് ?പതിവ് മുടക്കിയാല്‍ എനിക്ക് വേറെ ആളെ നോക്കേണ്ടിവരും.
ചായകുടിക്കാന്‍ ആളുകള്‍ വരുമ്പോള്‍ പാലില്ലെങ്കില്‍ എന്റെ കച്ചവടം മുടങ്ങില്ലെ ?’
‘അയ്യോ ! പിള്ളേച്ഛാ ചതിക്കല്ലെ പിള്ളാര് പട്ടിണിയാകും. ഇവിടുന്ന് കിട്ടുന്ന പൈസ കൊണ്ടാണേ ഒരു കുടുംബം കഴിയുന്നെ’
‘പാല് നീ മറ്റാര്‍ക്കാ കൊടുത്തെ ?ഞാന്‍ തരുന്നതിനേക്കാള്‍ കൂടുതല്‍ ഈ നാട്ടില്‍ ആരാ പാലിനു കാശ് തരുന്നെ’?
‘അയ്യോ പിള്ളേച്ഛാ ആര്‍ക്കും കൊടുത്തതല്ല ഇന്ന് ത്രേ കിട്ടിയുള്ളു ക്ടാവ് വലിയകുളത്തില്‍ വീണു ചത്തു ! അതാ അവള് ചുരത്താഞ്ഞെ’
‘അയ്യൊ..അത് കഷ്ടമായല്ലോ കാര്‍ത്ത്യായനീ’.
പിള്ളേച്ഛന്റെ ബാല്യം പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേതുമായിരുന്നു. സ്വന്തം പശുക്കുട്ടി വലിയകുളത്തില്‍ വീണ് ചത്തപ്പോള്‍ അമ്മയുടെ നിലവിളി പിള്ളേച്ഛന് കണ്ടതാണ്…
‘പിള്ളേച്ഛാ പതിവ് കാശ് കുറക്കല്ലെ. അവള് ചുരത്തുമ്പോള്‍ ഞാന്‍ ബാക്കി ഇങ്ങെത്തിക്കാം. ഇപ്പോള്‍ കിട്ടുന്നതുകൊണ്ടുതന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട് ദൈവത്തിനുമാത്രേ അറിയൂ’ .
‘ഓ അങ്ങനായിക്കോട്ടെ കാര്‍ത്ത്യായനീ’
പിള്ളേച്ഛന് നാട്ടുകാരുടെ എല്ലാ ദുരിതങ്ങളും മനസ്സില്‍ പേറുന്ന മനുഷ്യനാണ്.
‘അന്ന് വൃശ്ചികമാസം ഒന്ന്’ പതിവുപോലെ പിള്ളേച്ഛന് മലയ്ക്ക് പോകാന്‍ മാലയിടുന്ന ദിവസം…
നാളിതുവരെയും പിള്ളേച്ഛന് വൃശ്ചികമാസമായാല്‍ മലയ്ക്ക് പോക്ക്മുടക്കിയിട്ടില്ല. കാലത്തെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് അടുപ്പില്‍ തീ കൂട്ടി സമോവറില്‍ വെള്ളം നിറച്ച് ദോശമാവില്‍ ഉപ്പുചേര്‍ത്തിളക്കി സമ്മന്തിക്കുള്ള തേങ്ങാ ചുരണ്ടി ഒക്കെ ശരിയാക്കി വച്ചിട്ട് സരസൂ … എണീറ്റേ ഞാന്‍ മാലയിടാന്‍ പോകുന്നു നീ സമ്മന്തിയരച്ച് ദോശയും ചുട്ട് കൊടുക്കണം. കാപ്പികുടിക്കാനുള്ള ആളുകള്‍ ഇപ്പോഴിങ്ങെത്തും. പിള്ളേച്ഛന് പറഞ്ഞു.
സരസു പിള്ളേച്ഛന്റെ ഭാര്യയാണ് പകലന്തിയോളം പിള്ളേച്ഛനോടൊത്ത് പണിയെടുക്കും. പിന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് ഉറങ്ങുമ്പോള്‍ ഏതാണ്ട് 12 കഴിയും.അതുകൊണ്ട് പിള്ളേച്ഛന് എണീറ്റ് ജോലിയൊക്കെ തുടങ്ങി കുറച്ചുകഴിഞ്ഞേ സരസ്സുവിനെ വിളിക്കാറുള്ളു.
പിള്ളേച്ഛന് നടന്ന് ഏതാണ്ട് വലിയകുളത്തിനടുത്ത് എത്താറായപ്പോഴാണ് ഒച്ചത്തില്‍ ഉള്ള ആ നിലവിളികേട്ടത്. പിന്നെ ഒരോട്ടമായിരുന്നു വലിയകുളം ലക്ഷ്യമാക്കി.
അതാ രാക്ഷസരൂപം പൂണ്ട മുള്ളന്‍ പായല്‍ അമ്മിണിയുടെ പശുക്കുട്ടിയെ വരിഞ്ഞുമുറുക്കുന്നു !
പെറ്റിട്ടിന്ന് മൂന്നേ ആയുള്ളു പിള്ളേച്ഛാ…..
എന്റെ ഭഗവതീ എന്റെ കുഞ്ഞിനെ ഇങ്ങ് തിരിച്ചുതന്നേക്കണേ…..
‘മുള്ളന്‍പായല്‍ പിടിമുറുക്കിയാല്‍ ഒരു ദേവിക്കും രക്ഷിക്കാനാവില്ലെന്ന് അറിയില്ലെ അമ്മിണീ അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അമ്മിണിക്ക ്അറിവില്ലാഞ്ഞിട്ടാ’ –
ഓടിക്കൂടിയ മനുഷ്യരില്‍ വലിയൊരുകൂട്ടം സഹതപിക്കുകയും നിസഹായാവസ്ഥയില്‍ സ്വയം ശപിക്കുകയും ചെയ്യുന്നു. മറ്റൊരുകൂട്ടം മുള്ളന്‍ പായലിന്റെ ഉല്‍ഭവവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവ പ്രകടമാകുന്ന സ്വഭാവ സവിശേഷതകളും ലക്ഷണങ്ങളും വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. പിള്ളേച്ഛന്റെ മനസ്സില്‍ക്കൂടി പട്ടിണിയുടെ ബാല്യവും പശുക്കുട്ടിയെ നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ നിലവിളിയും നാരായണിയുടേയും അമ്മിണിയുടേയും തുടങ്ങിനീണ്ട നിരമിന്നി മറഞ്ഞു ..
പിന്നീട് , എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പിള്ളേച്ഛന് വലിയകുളത്തിലേക്ക് എടുത്ത് ഒരു ചാട്ടമായിരുന്നു! ഒരുനിമിഷം അന്തം വിട്ട ജനംപതിയെ സംയമനം വീണ്ടെടുത്തു. ചിലര്‍ നിലവിളി തുടങ്ങി .ചിലര്‍ പിള്ളേച്ഛന്റെ മരണം ഉറപ്പിച്ച് കണ്ടുനില്ക്കാന് കഴിയാതെ കണ്ണുകള്‍ പൊത്തി. അപ്പോഴും ചിലര്‍ മുള്ളന്‍ പായലിന്റെ ശാസ്ത്രീയ നാമവും പതിയിരിക്കുന്ന അപകടങ്ങളും ഒപ്പം പിള്ളേച്ഛന്റെ മണ്ടത്തരത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങി…..
അമ്മിണി ഓടി വീട്ടില്‍ ചെന്ന് പശുവിന്റെ കഴുത്തിലെ കയര്‍ അഴിച്ചെടുത്തു നേരെ കുളക്കടവിലേക്കോടി. അപ്പോഴേക്കും പിള്ളേച്ഛന് പശുക്കുട്ടിയുമായി കാലും കൈയ്യും മേലാസകലവും പായലില്‍ കുരുങ്ങി അവശനായിരുന്നു. എങ്കിലും ധൈര്യം കൈവെടിയാതെ ശ്വാസം പിടിച്ച് വെള്ളത്തിനുമുകളില്‍ പൊങ്ങിത്തന്നെ കിടന്നു……
അമ്മിണി കയറെടുത്ത് പിള്ളേച്ഛന്റെ നേര്‍ക്ക് എറിഞ്ഞു. കയറില്‍ പിടികിട്ടിയ പിള്ളേച്ഛന് പശുക്കുട്ടിയെ ചേര്‍ത്തുപിടിച്ചു. അമ്മിണി സര്‍വ ശക്തിയും സംഭരിച്ച് കയര്‍ ആഞ്ഞുവലിച്ചു. കൂട്ടത്തില്‍ നാരായണിയും പിന്നെ നിലവിളിച്ചുനിന്ന വലിയൊരുകൂട്ടവും കൂടി. പിള്ളേച്ഛനും പശുക്കുട്ടിയും സുരക്ഷിതമായി കരയിലെത്തി….
പിന്നീട് പിള്ളേച്ഛന് നാട്ടുകാരോടായിപ്പറഞ്ഞു….
”ഞാന്‍ ഈ കുളത്തിലെ മുള്ളന്‍ പായലുകള്‍ മുഴുവന്‍ വാരി ഈ കുളം ശുദ്ധീകരിക്കാന്‍ പോകുന്നു” .കൂടുന്നവര്‍ക്ക് കൂടാം. വാഴക്കും തെങ്ങിനുമിട്ടാല് നല്ല വിളവും കിട്ടും, ഈ അപകടങ്ങളും ഒഴിവാകും.
പിള്ളേച്ഛന് കുളത്തിലേക്കിറങ്ങി ഒരറ്റത്തുനിന്ന് മുള്ളന്‍ പായല്‍ വാരിത്തുടങ്ങി രാക്ഷസ രൂപം പ്രാപിച്ച മുള്ളന്‍ പായലിന്റെ അടിയില്‍ സസുഖം വാണിരുന്ന മീനുകല്‍ ഭയപ്പാടോടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. നോക്കിനിന്ന നാട്ടുകാരില്‍ വലിയകൂട്ടം പിള്ളേച്ഛനൊപ്പം കൂടി…
അപ്പോഴും ചെറിയൊരുകൂട്ടം മുള്ളന്‍ പായലിന്റെ ശാസ്ത്രീയ നാമവും അത് വാരി വാഴക്കിട്ടാല് ഉണ്ടാകാന്‍ പോകുന്ന കീടങ്ങളെ എങ്ങനെ ചെറുക്കുമെന്നും, മണ്ഡരി ബാധിച്ച തെങ്ങിന് മുള്ളന്‍ പായല്‍ പ്രതിവിധിയാകുമോയെന്നും ചായക്കടക്കാരന്റെ മണ്ടത്തരവും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: