തിരുവനന്തപുരം: സര്‍വ്വര്‍ക്കും ഹൃദയത്തില്‍ ഇടം നല്കാന് എല്ലാവര്ക്കും കഴിയണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ. മാര്‍ ഈവാനിയോസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രമുഖ വ്യവസായി എം. എ. യൂസഫലിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ബാവ. തന്റെ വ്യവസായ സംരംഭങ്ങള്‍ വന്കരകള്ക്കപ്പുറത്തേക്ക് വ്യാപിക്കുമ്പോഴും അതിസമ്പന്നരുടെ പട്ടികയില്‍ മുന്നിലേക്കു കുതിക്കുമ്പോഴും യൂസഫലി എന്ന മനുഷ്യ സ്നേഹി പാവപ്പെട്ടവരുടെ ഹൃദയങ്ങളിലേക്കും വളര്‍ന്നു കയറി.
മനുഷ്യന് നേടുന്ന സമ്പത്ത് വിതരണം ചെയ്യപ്പെടുമ്പോഴാണ് യഥാര്‍ത്ഥ നീതി നടപ്പിലാക്കു ന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച് യൂസഫലി പറഞ്ഞു. ചെറുപ്പകാലത്ത്, തന്നെ വളരെ സ്വാധീനിച്ച ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ സന്തോഷമുണ്ടെന്നും യൂസഫലി പറഞ്ഞു. അവാര്‍ഡ് കാതോലിക്കാബാവയും പ്രശസ്തിപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനും കാഷ് അവാര്‍ഡ് മാര്‍ ഈവാനിയോസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജിജി തോമസും നല്കി. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, അമിക്കോസ് ഭാരവാഹികളായ ചലച്ചിത്രനടന്‍ ജഗദീഷ്, ഇ.എം. നജീബ്, ഫാ. ബോവസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ജേക്കബ്ബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, വികാരി ജനറല്‍മാരായ മോണ്‍.മാത്യു മനക്കരക്കാവില്‍, മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍, മാര്‍ ഇവാനിയോസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജിജി തോമസ്്, ഡോ. സുജുമോന്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവായുടെ നേതൃത്വത്തില്‍നടക്കുന്ന സ്നേഹപൂര്‍വ്വം ഒരു വീട് എന്ന പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മ്മിക്കാന്‍ യൂസഫലി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. ഈ പദ്ധതിയില്‍ 1200 വീടുകളാണ് പൂര്‍ത്തിയായത്. മാര്‍ ഈവാനിയോസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പരേതനായ റവ. ഡോ. ഗീവര്‍ഗ്ഗീസ് പണിക്കരുടെ സ്മരണ നിലനിര്‍ത്തി പണി ആരംഭിച്ച ഗവേഷണകേന്ദ്രത്തിന് ഒരു കോടി രൂപയും നല്‍കും. യൂസഫലി പണികഴിപ്പിച്ചുനല്‍കിയ മാര്‍ ഗ്രിഗോറിയോസ് സ്നേഹവീടിന്റെ പുതിയ ബ്ലോക്ക് യൂസഫലി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: