എത്രയൊക്കെ എതിരാളി വന്നാലും, ബജാജ് കുലുങ്ങില്ല. അവര്‍ എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവന്ന് യുവാക്കളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. പള്‍സറും അവഞ്ചറും തന്നെ ഉദാഹരണങ്ങള്‍. ഇപ്പോഴിതാ വി15 ഉം വി12 ഉം നിരത്തിലിറക്കി അവര്‍ വീണ്ടും യുവാക്കളെ ഒപ്പം കൂട്ടി. എന്താണ് ബജാജിന്റെ ‘വി’ മോഡല്‍ ബൈക്കുകള്‍ക്ക് ഇത്ര പ്രത്യേകതയെന്നല്ലേ?
അതിന്റെ സ്റ്റൈല്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. സ്റ്റൈലിനപ്പുറം, ഇന്ത്യന്‍ നാവികസേനയുടെ ആദ്യ അന്തര്‍വാഹിനിയായ വിക്രാന്തിന്റെ കരുത്ത് കൂടിയുണ്ട് ‘വി’ മോഡലിന്.
കാലപ്പഴക്കം ചെന്നപ്പോള്‍ പഴയ പടക്കുതിരയെ നാവിക സേന മ്യൂസിയത്തിലാക്കി. പക്ഷേ, പരിപാലനച്ചെലവേറിയപ്പോള്, വിക്രാന്തിനെ അവര്‍ ലേലം ചെയ്തു. അങ്ങനെ വിക്രാന്തിന്റെ ഉരുക്കിന്റെ ഒരു ഭാഗം ബജാജ് സ്വന്തമാക്കി. പിന്നെ അവര്‍, ബൈക്കുകളുടെ ടാങ്ക് ക്യാപ് നിര്‍മ്മിച്ച് വി ബൈക്കുകള്‍ വിപണിയിലിറക്കി. ബൈക്ക് ക്ലിക്കാകാന്‍ വേറെ വല്ല കാരണവും വേണോ?
വി 15ആണ് വിക്രാന്തിന്റെ മേന്മയില് ആദ്യം നിരത്ത് കീഴടക്കിയത്. പിന്നീട് വി 12 ഉം. ഡിസ്ക്ക് ബ്രേക്കില്ലാതെ ബജറ്റ് വാഹനമെന്ന നിലയിലാണ് ബജാജ് വി12 ആദ്യമിറക്കിയത്. എന്നാല്‍, യുവാക്കളുടെ ആവശ്യം കണക്കിലെടുത്ത് ബജാജ് വി12 ഡിസ്ക്ക് ബ്രേക്ക് സംവിധാനവുമായി എത്തി. 124.50 സിസിയാണ് വി 12ന്റെ കരുത്ത്. 133 കിലോഗ്രാം ഭാരമുള്ള ഇതിന് 55 കിലോ മീറ്റര്‍ മൈലേജുണ്ട്. ഹീറോ ഗ്ലാമറും ഹോണ്ട സി ബി ഷൈനുമായാണ് വി12ന്റെ മത്സരം. അഞ്ചു ഗിയറാണുള്ളത്.
വി 12ഡ്രം ബ്രേക്ക് വേരിയന്റില്‍ നിന്ന് ഡിസ്ക്ക് ബ്രേക്ക് വേരിയന്റിലെത്തുമ്പോള് വിലയില്‍ 3000 രൂപയുടെ വര്‍ധനവുണ്ട്. 61,134 രൂപയാണ് വി12ന്റെ എക്സ് ഷോറൂം വില. 68,000 രൂപയുണ്ടെങ്കില്‍ വി12 നിരത്തിലിറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: