കാറെന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും മാരുതിയാണ്. മാരുതിയെന്നാലോ ഡിസയറും. ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഡിസയര്‍ കെട്ടിലും മട്ടിലും ഒരുപിടി മാറ്റാവുമായി ഇതാ പറന്നെത്തി. ഡിസയറിന്റെ മൂന്നാം തലമുറ കോംപാക്ട് സെഡാനാണ് മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയത്. പഴയ ഡിസയറിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് പുതിയത്. മനം മയക്കുന്ന ഇന്റീരിയറും ആരും കൊതിക്കുന്ന മേനിയഴകുമാണ് പുതിയ ഡിസയറിന്റെ പ്രത്യേകത. ഒപ്പം, സാങ്കേതികതയും സുരക്ഷയും പഴയതിനേക്കാള്‍ ഒരുപിടി മേലെ നില്ക്കും.
പുതിയ ഡിസയറിന് ഭാരം അല്‍പ്പം കുറഞ്ഞു. പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമുമാണ് ഭാരക്കുറവ്. എന്നാല്‍, എന്‍ജിനില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. പക്ഷേ, ഇന്ധനക്ഷമതയില്‍ എല്ലാ കാര്‍ കമ്പനികളെയും അത്ഭുതപ്പെടുത്തിയാണ് പുതിയ ഡിസയറിന്റെ വരവ്. പഴയ പെട്രോള്‍ മോഡല്‍ ഡിസയറിന് 20.85 കിലോമീറ്ററായിരുന്നു മൈലേജ്. പുതിയതില്‍ 22 കിലോമീറ്ററായി മൈലേജ് ഉയര്‍ന്നു. ഡീസല്‍ മോഡലിലും മൈലേജ് വര്‍ധന കാണാം. പഴയ ഡീസല്‍ മോഡലിന് 26.59 കിലോമീറ്ററായിരുന്നു മൈലേജ്. പുതിയതിലെത്തിയപ്പോള്‍ 28.4 കിലോമീറ്ററായി കുതിച്ചു. ഇതോടെ, ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള കോംപാക്ട് സെഡാനായി ഡിസയര്‍ മാറി.
കാറിന്റെ അളവിലും വ്യത്യാസമുണ്ട്. പഴയ ഡിസയറിന്റെ അതേ നീളം തന്നെയാണ് പുതിയ ഡിസയറിന്. പക്ഷേ, പൊക്കം 40 എംഎം കുറഞ്ഞു. വീതി 40 എംഎം കൂട്ടി. അളവില്‍ മാറ്റം വന്നപ്പോള്‍ അഴകിലും മാറ്റമുണ്ടായി. ഓട്ടോ ഗിയര്‍ ഷിഫ്റ്റാണ് മറ്റൊരു പ്രത്യേകത. തടിയില്‍ തീര്‍ത്ത ഇന്റീരിയറും ഡിസയറിനെ വ്യത്യസ്തമാക്കുന്നു. ഡോര്‍ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ഇറങ്ങാനും കയറാനുമുള്ള സൗകര്യം പുതിയ ഡിസയറിനുണ്ട്.
പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, എല്‍ഇഡി ഡേ റണ്‍ ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാംപുകള്‍, പുതിയ അലോയ് വീലുകള്‍ തുടങ്ങിയവയും പ്രത്യേകതയാണ്. സുരക്ഷയ്ക്കായി രണ്ട് എയര്‍ ബാഗുകളും ആന്റി ബ്രേക്ക് ലോക്കിങ് സിസ്റ്റ(എബിഎസ്)വുമുണ്ട്. ടാങ്കിന്റെ ശേഷി പുതിയ ഡിസയറില്‍ കുറവാണ്. പഴയതില്‍ 42 ലിറ്ററായിരുന്നു ടാങ്ക് ശേഷി. പുതിയതില്‍ ഇത് 37 ആയി കുറഞ്ഞു.
ഒട്ടേറെ പുതുമകള്‍ കൊണ്ടുവന്നിട്ടുള്ളതിനാല്‍ പുതിയ ഡിസയറിന് വിലയും അല്പം ഉയര്‍ന്നിട്ടുണ്ട്. പഴയ ഡിസയറിന്റെ കുറഞ്ഞ പെട്രോള്‍ മോഡല്‍ 5.35 ലക്ഷം രൂപയ്ക്കാണ് കിട്ടിയിരുന്നതെങ്കില്‍ പുതിയതിന്റെ കുറഞ്ഞ മോഡലിന് 5.45 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഡീസലിന്റെ കുറഞ്ഞ വേരിയന്റിന് 6.16 ലക്ഷം രൂപയില്‍ നിന്ന് 6.45 ലക്ഷമായി ഉയര്‍ന്നു. 5.45 ലക്ഷം രൂപമുതല്‍ 8.41 ലക്ഷം രൂപ വരെ വിലയുള്ള വേരിയന്റുകളില്‍ പെട്രോള്‍ മോഡല്‍ കിട്ടും. പുതിയ ഡീസല്‍ മോഡലിന് 6.45 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: