ആലപ്പുഴ: കുടുംബശ്രീവഴി എല്ലാ പഞ്ചായത്തുകളിലും തൊണ്ടുതല്ലല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കയര്‍ വികസന വകുപ്പ് ആലപ്പുഴയില്‍ ആരംഭിച്ച കയര്‍ ജിയോടെക്സ്റ്റയില്‍സ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ വഴി 1,000 തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതിനുള്ള യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറിക്ക് നല്‍കിക്കഴിഞ്ഞു.
യന്ത്രം സൗജന്യമായി നല്‍കും. ഉത്പാദിപ്പിക്കുന്ന ചകിരിയും ചകിരിച്ചോറും സംഭരിക്കും. ചകിരി പിരിയ്ക്കുന്നതിലൂടെ ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭിക്കും. ഈ വര്‍ഷം സംസ്ഥാനത്തിന് ആവശ്യമായ ചകിരി ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകും. പണ്ട് കയറ്റുമതി ചെയ്യുന്ന കയറിന്റെ 99 ശതമാനം കേരളത്തില്‍നിന്നായിരുന്നുവെങ്കില്‍ ഇന്നത് 20 ശതമാനമായി.
തൊഴിലുറപ്പ് പദ്ധതിയിലെ 40 ശതമാനം മെറ്റീരിയല്‍ കോസ്റ്റിന് ഉപയോഗിക്കണം. ഇതുവഴി വാങ്ങുന്ന കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും കുളങ്ങളും സംരക്ഷിക്കാം. 100 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കും. കയര്‍ ഭൂവസ്ത്രം ശാസ്ത്രീയമായി വിതാനിക്കാനുള്ള പരിശീലനമാണ് സ്കൂള്‍ വഴി നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: