വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില് നടത്തുന്നത് ശാന്തിദായകമാണ്. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത് നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവച്ച് നടത്തുന്നു. രാവിലെയാണ് പതിവ്. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്‍പ്പായസമാണ് മുഖ്യനിവേദ്യം.
വിഷ്ണുപൂജ തന്നെ വിപുലമായ വിധാനങ്ങളോടെ ദ്വാദശനാമം പൂജയചും കാലുകഴികിച്ചൂട്ടും എന്ന പേരില്‍ ഗോദാനാദി ദശദാനങ്ങള്, ഫലമൂലദാനങ്ങള് തുടങ്ങിയവയോടുകൂടി നടത്താറുണ്ട്. ഷ്ഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക് വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത് ഉത്തമമാണ്.
പക്കപ്പിറന്നാള്‍ തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തുന്നത് ഗ്രഹപ്പിഴാപരിഹാരത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്. ജാതകനെക്കൊണ്ട് യഥാവിധി മന്ത്രങ്ങള്‍ ചൊല്ലിച്ചാണ് ദാനം നിര്‍വ്വഹിക്കേണ്ടത്. ദാനം സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. മാര്‍ഗശീര്‍ഷമാസം (വൃശ്ചികത്തിലെ അമാവാസിക്കുശേഷം ധനുവിലെ അമാവാസി വരെ) മുതല്‍ 12 മാസങ്ങള്‍ക്ക് ക്രമത്തില്‍ വിഷ്ണുവിന്റെ ദ്വാദശ മൂര്‍ത്തികളില്‍ അധിപതികളാണ്. കേശവന്, നാരായണന്, മാധവന്, ഗോവിന്ദന്, വിഷ്ണു, മധുസൂദനന്, ത്രിവിക്രമന്‍, വാമനന്, ശ്രീധരന്, ഹൃഷികേശന്‍, പത്മനാഭന്, ദാമോദരന്‍ എന്നിവരെ യഥാക്രമം അതാതുമാസത്തില്‍ ജാതകന്റെ ജന്മനക്ഷത്രം തോറും അതാത് നാമങ്ങളില്‍ പൂജ ചെയ്യുന്നത് അതിവിശേഷമാണ്.
ഇതുപോലെ ഐശ്വര്യത്തിനും സമ്പത്തിനുമായി നടത്തുന്ന ലക്ഷ്മീപൂജ, വിദ്യാനൈപുണ്യത്തിനുവേണ്ടിയുള്ള സരസ്വതീപൂജ, പുതൃമോക്ഷം, ദൃഷ്കൃതക്ഷയം എന്നിവയ്ക്ക് നടത്തുന്ന സുകൃതഹോമം, മോക്ഷ ചതുഷ്ടയങ്ങളിലൊന്നായ സായൂജ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള സായൂജ്യപൂജ എന്നിങ്ങനെ കര്‍മ്മങ്ങള്‍ അസംഖ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: