ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചെന്ന വാര്‍ത്ത സാംസങ് സ്മാര്‍ട്ട് ഫോണുമായി നടന്നവരെ തെല്ലൊന്നുമല്ല പേടിപ്പിച്ചത്. പൊട്ടിത്തെറിയുടെ ആശങ്കയില്‍ ചിലര്‍ സാംസങ്ങിനെ പാടേ ഉപേക്ഷിച്ചു. പക്ഷേ, അതൊന്നും കണ്ട് സാംസങ് പേടിച്ചില്ല. അവര്‍ തകര്‍പ്പന്‍ ഫോണുകളിറക്കി വീണ്ടും സ്മാര്‍ട്ടായി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാമനാണ് സൗത്ത് കൊറിയക്കാരനായ സാംസങ്.
2017 ന്റെ ആദ്യപാദത്തില്‍ 60 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണാണ് സാംസങ് വിറ്റത്. ജെ സീരീസിലുള്ള ബജറ്റ് സ്മാര്‍ട്ട് ഫോണുകളാണ് അവര്‍ക്ക് തുണയായത്. ആഡംബര ഫോണുകള്‍ക്കുള്ള എല്ലാ സാങ്കേതിക മേന്മയും ബജറ്റ് ഫോണുകള്‍ക്കും നല്‍കിയായിരുന്നു അവരുടെ തിരിച്ചുവരവ്. ഏറെ ജനപ്രീതിയുമായി ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ കുതിച്ചെത്തിയ ചൈനയുടെ ഷവോമിക്കുപോലും സാംസങ്ങിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ രണ്ടാമനാണ് ഷവോമി. 2017ന്റെ ഒന്നാംപാദത്തില്‍ 40 ലക്ഷം യൂണിറ്റ് ഫോണ്‍ ഷവോമി വിറ്റു. മുന്‍വര്‍ഷത്തെ നാലാംപാദ വില്പനയില് നിന്ന് 10 ലക്ഷം യൂണിറ്റ് കൂടുതല്‍. കുറഞ്ഞ വിലയ്ക്ക്് കൂടുതല്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയായിരുന്നു ചൈനയുടെ ഷവോമി വിപ്ലവം സൃഷടിച്ചത്. നോട്ട് സീരീസും 4 എയുമാണ് ഷവോമിയുടെ വില്പന കൂട്ടിയത്.
സെല്‍ഫിക്ക് മിഴിവേകാന്‍ മൂണ്‍ലൈറ്റ് ക്യാമറയുമായി എത്തിയ വിവോയാണ് വില്പനയില് മൂന്നാമന്. വില അല്പം കൂടുതലാണെങ്കിലും വിവോയ്ക്ക് വന്‍ സ്വീകാര്യതയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിച്ചത്. സെല്‍ഫിയെ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ഏറെയായത് തന്നെ കാരണം. 2016 അവസാനം 2.1 ദശലക്ഷമായിരുന്നു വിവോയുടെ വില്പന. 2017ന്റെ തുടക്കത്തില്‍ അത് മൂന്നുദശലക്ഷമായി ഉയര്‍ന്നു.
2.6 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ലെനോവോ നാലാം സ്ഥാനത്തെത്തി. എന്നാല്‍, തുടക്കത്തിലെ വിജയഗാഥ തുടരാന്‍ ഓപ്പോയ്ക്ക് കഴിഞ്ഞില്ല. രണ്ടു സ്ഥാനം പിന്നിലേക്ക് പോയി ഓപ്പോ വില്പനയില് അഞ്ചാമതായി. എങ്കിലും ഓപ്പോയ്ക്ക് അഭിമാനിക്കാം, ആദ്യ അഞ്ചില്‍ ഇടംപിടിച്ചതിന്. ഓരോ ദിവസവും പുതിയ ഫോണുകളുമായി പുതിയ കമ്പനികള്‍ സ്മാര്‍ട്ടായി വിപണിയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ സ്മാര്‍ട്ട് ഫോണില്‍ മുന്നിലെത്താന്‍ ഇനി വന്‍കിട കമ്പനികള്‍ പലതും പെടാപ്പാട് പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: