സാന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ വിപണി മൂല്യം 800 ബില്യണ്‍ ഡോളറിനു മുകളിലെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ ഓഹരി വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ വ്യാപാരം നടത്തുന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി എന്ന റെക്കോഡ് സ്വന്തമായുള്ള ആപ്പിളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് ഈ നേട്ടത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
ആപ്പിളിന്റെ ഓഹരി വില 2.7 ശതമാനം ഉയര്‍ന്ന് 153.01 ഡോളറിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിപണിയില്‍ കമ്പനിയുടെ മൂല്യം 797. ബില്യണ്‍ ഡോളറിലെത്തിയതായി ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, നിക്ഷേപക സ്ഥാപനമായ ഡ്രെക്സല്‍ ഹാമില്‍ട്ടണിലെ വിശകലന വിദഗ്ധന്‍ ബ്രയാന്‍ വൈറ്റ് ആപ്പിള്‍ ഓഹരികള്കള്ക്ക് 185 ഡോളര്‍ മുതല്‍ 202 ഡോളര്‍ വരെയായി വില വര്‍ധിപ്പിച്ചിരുന്നു.
കമ്പനിയുടെ വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിനു മുകളിലേക്ക് എത്തുമെന്നാണ് പ്രവചനം. പുതിയ ആവിഷ്കാരങ്ങളും ഐഫോണ്‍8ന്റെ ആകര്‍ഷണീയതയും ആപ്പിള്‍ ഓഹരികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് ബ്രയാണ് വൈറ്റിന്റെ പക്ഷം.
653 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 532 ബില്യണ്‍ ഡോളര്‍ മൂല്യവുമായി മൈക്രോസോഫ്റ്റ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്. 2017ന്റെ ആദ്യ മൂന്നു മാസത്തില്‍ 50.8 മില്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്.
ഐഫോണ്‍ വില്‍പ്പനയില്‍ ഒരു ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്. നടപ്പുവര്‍ഷം പുറത്തിറക്കുന്ന അടുത്ത ഐഫോണിനു വേണ്ടി ഉപഭോക്താക്കള്‍ കാത്തിരിക്കുന്നതാണ് നിലവില്‍ ഐഫോണ്‍ വില്‍പ്പന ഇടിയാനുണ്ടായ കാരണമെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: