കൊച്ചി: നല്കുന്ന സേവനങ്ങളുടെ എണ്ണം കണക്കാക്കാക്കി ബാങ്കുകള്‍ ഇടപാടുകാരെ കൊള്ളയടിക്കുന്നു. നിക്ഷേപിക്കാന്‍ കൊണ്ടുവരുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതു മുതല്‍ എസ്എംഎസിനുവരെ ഇടപാടുകാര്‍ ബാങ്കിന് പണം നല്‍കണം. ഇനി അക്കൗണ്ട് വേണ്ടെന്ന് വെച്ചാലോ? അതിനും ഫീസ് നല്‍കണം. പൊതുമേഖലാ ബാങ്കുകളെന്നോ ന്യൂജനറേഷന് ബാങ്കുകളെന്നോ ഭേദമില്ലാതെയാണ് ഇടപാടുകാരോടുള്ള ഈ കൊള്ള.
നൂറെണ്ണം വീതമുള്ള ഒരു കെട്ട് നോട്ടു നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയാല് 10 രൂപ ഇടപാടുകാരന് നഷ്ടമാകും. എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ഫീസാണിത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 300 രൂപമുതല്‍ 600 രൂപവരെയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. കൊള്ളയില്‍ നിന്ന് രക്ഷനേടാന്‍ ഒന്നിലധികം അക്കൗണ്ടുള്ളവര്‍ ബാക്കി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രമിച്ചാലും ബാങ്കുകള്‍ വെറുതെ വിടില്ല. അക്കൗണ്ട് ക്ലോസ് ചെയ്യാനും ബാങ്കുകള്‍ വന്‍ തുകയാണ് ഈടാക്കുന്നത്.
14 ദിവസം മുതല്‍ ആറുമാസം വരെ ഉപയോഗിച്ച അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ഒരു പ്രമുഖ പൊതുമേഖലാ ബാങ്ക് 500 രൂപയാണ് ഈടാക്കുന്നത്. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ സേവനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ ആയിരം രൂപയാണ് ഫീസ്. ക്ലോസ് ചെയ്യുന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ വേറെയും നല്‍കണം. മിനിമം ബാലന്‍സില്ലാത്ത കാലാവധി നോക്കിയാണ് പിഴ.
സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക്, അതേ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചില്‍ നിന്ന് പണം നിക്ഷേപിക്കാനും ഇടപാടുകാരന് പണം നല്‍കണം. ചില ബാങ്കുകള്‍ അക്കൗണ്ടുടമ നേരിട്ട് വന്നാല്‍ ഈ സേവനത്തിന് പണം ഈടാക്കാറില്ല. എന്നാല്‍, മറ്റു ചില ബാങ്കുകള്‍ അക്കൗണ്ടുടമ നേരിട്ടെത്തിയാലും പണം ഈടാക്കും. 2500 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 25 രൂപ വരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. നിക്ഷേപത്തുക ഉയര്‍ന്നാല്‍ സേവന ഫീസ് പിന്നെയും ഉയരും. എടിഎമ്മില്‍ നിന്ന് പണം പിന്വലിക്കുമ്പോഴെത്തുന്ന എസ്എംഎസും ഇ-മെയിലും വരെ ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തുന്നവയാണ്.
സ്വകാര്യ ഇ-വാലറ്റുകളും സേവന ഫീസ് ഈടാക്കി തുടങ്ങി
കൊച്ചി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൗജന്യസേവനം നല്‍കിയിരുന്ന പല ഇ-വാലറ്റുകളും സേവനത്തിന് ഫീസ് ഈടാക്കിത്തുടങ്ങി. ‘പേ ടിഎം’ ഇവാലറ്റില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഇപ്പോള്‍ ഫീസ് നല്‍കണം. ആയിരം രൂപ അക്കൗണ്ടിലേക്ക് മാറ്റാന്‍ 20.41 രൂപയാണ് ഫീസായി ഈടാക്കുന്നത്.
നോട്ടുനിരോധന കാലയളവില്‍ ‘പേ ടിഎം’ സൗജന്യ സേവനം നല്‍കിയിരുന്നു. പൊതുമേഖലാ ബാങ്കിന്റെ ഇ-വാലറ്റുകള്‍ പലതും നേരത്തെ തന്നെ സൗജന്യ സേവനം നിര്‍ത്തലാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ്പ് മാത്രമാണ് ഇപ്പോള്‍ സേവനത്തിന് പണം ഈടാക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: