ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്ന് വലിയ തുക വായ്പയെടുത്ത് മുങ്ങുന്ന വ്യക്തികളും സ്ഥാപനങ്ങളും സൂക്ഷിക്കുക. ഇനി ആ പരിപാടി നടക്കില്ല. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനും തട്ടിപ്പുകാരെ കൂട്ടിലടയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നു. ഇതിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
പുതിയ നിയമമനുസരിച്ച് നടപടിക്കുള്ള അധികാരം റിസര്‍വ് ബാങ്കിന് (ആര്‍ബിഐ). ഇതിനായി ആര്‍ബിഐ വിവിധ തലത്തില്‍ സമിതി രൂപീകരിക്കും. പാപ്പരത്ത നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ ഓര്‍ഡിനന്‍സ്. വായ്പയെടുത്ത് മുങ്ങിയ 50 വലിയ തട്ടിപ്പുകാരുടെ വിവരം ആര്‍ബിഐ ശേഖരിച്ചു. നിയമം പ്രാബല്യത്തിലായാല്‍ ഉടനെ നടപടി തുടങ്ങാനാണ് നീക്കം. 2013 മുതല്‍ 2015 വരെ 1.14 കോടി രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത്.
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുവെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബാങ്കിങ് മേഖലയ്ക്ക് നിര്‍ണായകമായ നിയമം എന്നു മാത്രമാണ് അദ്ദേഹം വിശദീകരിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാതെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ കാര്യം സമ്മതിച്ച ബാങ്കിങ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗ്ഗലും ഇതേ നിലപാടാണ് സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ 9.64 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍-ഡിസംബര്‍ മാസത്തില്‍ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മാത്രം ഒരു ലക്ഷം കോടിക്കു മുകളില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: