ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കേറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡി (ഐ.ആര്.സി.റ്റി.സി) ന്റെ മഹാരാജാസ് എക്സ്പ്രസ് അടുത്ത മാസം മുതല്‍ രണ്ട് പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും.
സതേണ്‍ സോജോണ്‍ (ദക്ഷിണ പ്രവാസം), സതേണ്‍ ജുവല്‍സ് (തെക്കന്‍ രത്നങ്ങള്‍) എന്നീ പേരുകളിലുള്ള ഈ രണ്ട് ട്രിപ്പുകള്‍ രാജ്യത്തിന്റെ ദക്ഷിണ പശ്ചിമ സംസ്ഥാനങ്ങളിലെ പ്രമുഖ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. സതേണ്‍ സോജോണ്‍ ടൂര്‍ സര്‍ക്ക്യൂട്ടില്‍ ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, കുമരകം, തിരുവനന്തപുരം എന്നിവയുള്‍പ്പെടും. ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ എന്നിവ ഉള്‍പ്പെടുന്നതാണ് സതേണ്‍ ജൂവല്‍സ്.
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതേ കാബിനില്‍ ഒരാള്‍ക്കു കൂടി സൗജന്യ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഒരു ഓഫര്‍. േഫാണ്‍ മുഖേനയോ, ഓണ്‍ലൈനായോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏകദേശം 16000 രൂപക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും.
സതേണ്‍ സോജോണ്‍ മണ്‍സൂണ്‍ സ്പെഷ്യല്‍ മുബൈയില്‍ നിന്ന് ജൂണ്‍ 24 ന് പുറപ്പെട്ട് ഗോവ, ഹംപി, മൈസൂര്‍, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരുവനന്തപുരത്ത് എത്തും. സതേണ്‍ ജൂവല്‍സ് മൈസൂണ്‍ സ്പെഷ്യല്‍ ജൂലൈ 1 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ വഴി മുംബൈയില്‍ എത്തും. ഓരോ യാത്രയും 8 പകലും 7 രാത്രിയും ദൈര്‍ഘ്യം ഉള്ളവയായിരിക്കും. സതേണ്‍ സോജോണിന്റെ പതിവ് ട്രിപ്പ് സെപ്റ്റംബര്‍ 9 നും, സതേണ്‍ ജൂവല്‍സ് തിരുവനന്തപുരത്ത് നിന്ന് സെപ്റ്റംബര്‍ 16 നും ആരംഭിക്കും.
ഈ യാത്രകളില്‍ ഓരോ സ്ഥലത്തെയും പ്രധാന സ്മാരകങ്ങളും മറ്റ് കാഴ്ചകളും സന്ദര്‍ശിക്കുന്നതിന് പുറമെ കൊച്ചിയില്‍ പാരമ്പര്യ കലാരൂപങ്ങള്‍ കാണാനും, ആലപ്പുഴയില്‍ ഒരു കയര്‍ ഫാക്ടറി സന്ദര്‍ശിക്കാനും, കായലില്‍ ബോട്ട് യാത്രയില്‍ ഉച്ച ഭക്ഷണത്തിനും അവസരം ഉണ്ടാകും. ഈ ട്രെയിനുകളുടെ ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും മഹാരാജാസ് എക്പ്രസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.themaharajas.com അല്ലെങ്കില്‍, ഐ.ആര്.ടി.സി. http://www.irctc.co.in , http://www.irctctourism.com.സന്ദര്‍ശിക്കാം. പ്രവര്‍ത്തി ദിവസങ്ങളില്‍ +91 9717635915, +91 9717640678, +91 9717639033എന്നീ നമ്പരുകളില്‍ നിന്ന് വിവരം ലഭിക്കും.
അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്കിംഗ് നടത്താം. അംഗീകൃത ഏജന്റുമാരുടെ പട്ടിക http://www.themaharajas.com/maharajas/maharajasexpressagents.html ലഭിക്കും.
ലോക നിലവാരത്തിലുള്ള പ്രമുഖ ആഡംബര ട്രെയിനുകളായ റോയല്‍ സ്കോട്സ്മാന്‍, ഈസ്റ്റേണ്‍, ഓറിയെന്റല്‍ എക്സ്പ്രസ്സ് എന്നിവയുടെ മാതൃകയില്‍ 2010 ലാണ് മഹാരാജാസ് എക്സ്പ്രസ്സിന് തുടക്കമിട്ടത്. അത്യാധുനിക, ലോകോത്തര സംവിധാനങ്ങളടങ്ങിയ 23 കോച്ചുകളടങ്ങിയ മഹാരാജാസ് എക്സ്പ്രസ്സില്‍ 88 പേര്‍ക്ക് യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: