ന്യൂദല്‍ഹി: വാഹന നിര്‍മ്മാണ മേഖലയില്‍ രണ്ടാം സ്ഥാനം കയ്യടക്കി റെനോ ഗ്രൂപ്പ്. 2017 ജനുവരി-മാര്‍ച്ച് കാലയളവില്‍ വാഹന വില്‍പ്പനയുടെ കാര്യത്തില്‍ റെനോ ഗ്രൂപ്പ് ഫോക്സ്വാഗണ് ഗ്രൂപ്പിനെ കടത്തിവെട്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
മാര്‍ച്ച് പാദത്തില്‍ റെനോ ഗ്രൂപ്പ് 26,58,019 വാഹനങ്ങളാണ് വിറ്റത്. 27,07,251 വാഹനങ്ങള്‍ വിറ്റ് ടൊയോട്ട ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 24,95,100 വാഹനങ്ങള്‍ മാത്രം വില്ക്കാന് കഴിഞ്ഞ ഫോക്സ്വാഗണ് ഗ്രൂപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ടൊയോട്ട 7.50 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയപ്പോള്‍ റെനോ ഗ്രൂപ്പിന്റേത് 13.10 ശതമാനമായിിരുന്നു.
2017 മാര്‍ച്ച് മാസത്തെ മാത്രം കണക്കെടുത്താല്‍ റെനോ ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വില്ക്കാന് ഫോക്സ്വാഗണ് ഗ്രൂപ്പിന് കഴിഞ്ഞു. ഫോക്സ്വാഗണ് ഗ്രൂപ്പ് 9,90,900 വാഹനങ്ങള്‍ വിറ്റപ്പോള്‍ റെനോ ഗ്രൂപ്പിന്റെ വില്‍പ്പന 9,85,530 ലൊതുങ്ങി.
സമീപകാലത്ത് ലോകത്തെ രണ്ട് മുന്‍ നിര വാഹന നിര്മ്മാതാക്കളിലൊന്നായിരുന്നു ഫോക്സ്വാഗണ് ഗ്രൂപ്പ്. എന്നാല്‍ ഡീസല്‍ഗേറ്റ് സംഭവം ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ വില്‍പ്പനയെയും വരുമാനത്തെയും ബാധിച്ചു. ഡീസല്‍ഗേറ്റ് സംഭവത്തില്‍ കമ്പനി അമേരിക്കന്‍ കോടതികളില്‍ കുറ്റം സമ്മതിച്ചിരുന്നു.
റെനോയുടെ എട്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 2017 ല്‍ ഇന്ത്യയില്‍ എട്ട് ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നാണ് റെനോ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. റെനോ, ഡാസിയ ആന്‍ഡ് നിസ്സാന്‍, ഡാറ്റ്സണ്‍ (ഇന്ത്യയില്‍ മാത്രം) എന്നിവ ഉള്‍പ്പെടുന്നതാണ് റെനോ ഗ്രൂപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: