തിരുവനന്തപുരം: കേരള സഹകരണബാങ്ക് 21 മാസത്തിനകം രൂപീകരിക്കാനാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. പുതിയ സഹകരണ ബാങ്ക് വരുന്നതോടെ കേരളത്തിന്റെ സഹകരണമേഖലയില്‍ നിലനിന്നിരുന്ന ത്രിതല സംവിധാനം ഇല്ലാതാകും. പകരം കേരള സഹകരണ ബാങ്കും പ്രാഥമിക സഹകരണസംഘങ്ങളും എന്ന സംവിധാനമായിരിക്കും ഉണ്ടാവുകയെന്നും ഐസക് പറഞ്ഞു.
സഹകണമേഖല മുന്നോട്ടു പോകണമെങ്കില്‍ കേരള സഹകരണബാങ്ക് അനിവാര്യമാണ്. നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായകരമാകും. സഹകരണമേഖലയിലെ ചെലവ് കുറയ്ക്കുകയും സാങ്കേതികമായി ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുകയും ചെയ്യും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ പുനര്‍വിന്യസിച്ച് ജനങ്ങള്‍ക്കായി കൂടുതല്‍ സേവനങ്ങളേര്പ്പെടുത്താന് കഴിയുമെന്നും ഐസക് പറഞ്ഞു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ബെംഗളൂരു ഐഐഎമ്മിലെ പ്രൊഫ എം.എസ്. ശ്രീറാം അധ്യക്ഷനായ അഞ്ചംഗസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവന്ന് നിയന്ത്രിക്കാനാകും. അതിന് സംസ്ഥാനസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അഡീഷണല്‍ ചീഫ്സെക്രട്ടറി പി.എസ്. സെന്തില്‍, നബാര്‍ഡ് റിട്ട. ജിഎം മോഹന്‍, യൂണിയന് ബാങ്ക് റിട്ട. ജിഎം ടി.പി. ബാലകൃഷ്ണന്, ടി. വേണുഗോപാല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: