ഇന്ത്യയും ചൈനയും ഒരു കാലത്ത് നല്ല ഇഷ്ടത്തിലായിരുന്നു. ഇവിടെ കാണുന്ന ചീനവല തന്നെ അതിന്റെ അടയാളമാണ്. പക്ഷേ, 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നടന്ന യുദ്ധത്തിനുശേഷം അവര്‍ തമ്മില്‍ അത്ര രസത്തിലല്ല. വന്‍ സാമ്പത്തിക ശക്തിയാകാന്‍ ഇരുരാജ്യങ്ങളും മത്സരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അന്നു തുടങ്ങിയ ആ യുദ്ധം ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി വരെ എത്തി നില്ക്കുന്നു. പുതിയ ഫീച്ചറുകളുമായി ചൈന സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുമ്പോള്‍, ഇന്ത്യയും കൈയ്യും കെട്ടി നോക്കി നില്‍ക്കാറില്ല. നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ഒന്ന് സ്വിച്ച് ഓണ്‍ ചെയ്താല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആ മൊബൈല്‍ യുദ്ധത്തിന്റെ ഡിസ്പ്ലേ കാണാം.
ചൈനയില്‍ നിന്ന് 27 കമ്പനികളാണ് വിവിധ ബ്രാന്‍ഡിലുള്ള മൊബൈലുമായി ലോകവിപണിയിലെത്തിയത്. അതില്‍ ചിലത് ക്ലിക്കായി. ചിലത് റേഞ്ച് പിടിക്കാതെ ഔട്ടായി. കുടില്‍ വ്യവസായം പോലെയായിരുന്നു ചൈനയില്‍ മൊബൈല്‍ കമ്പനികള്‍ പടര്‍ന്നു പന്തലിച്ചത്. ചില കമ്പനികള്‍ വന്നതും പോയതും ഒരുപോലെയായിരുന്നു. പക്ഷേ, ഷവോമി, വിവോ, ജിയോണി, ലെനോവോ, ലീ ഇക്കോ, ഓപ്പോ, ഹുവായ് തുടങ്ങിയ ഒട്ടേറെ കമ്പനികള്‍ ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി. അവര്‍ ഇന്ത്യന്‍ വിപണിയിലും നല്ല റേഞ്ചുണ്ടാക്കി. ഇന്ന് ചൈനാ മൊബൈലുകളുടെ ആരാധകരായി മലയാളികളുള്‍പ്പെടെയുള്ള പലരും മാറി.
ചൈനയുടെ സ്മാര്‍ട്ട് ഫോണുകളെ വെല്ലാന്‍ ഇന്ത്യന്‍ കമ്പനികളും പുതിയ പരീക്ഷണങ്ങള്‍ നടത്തി. 14 ഇന്‍ഡ്യന്‍ കമ്പനികള്‍ സ്മാര്‍ട്ട് ഫോണുകളും ഫീച്ചര്‍ ഫോണുകളുമായി വിപണി കീഴടക്കി. അതില്‍ പ്രധാനി മൈക്രോ മാക്സാണ്. ഒരുകാലത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്തരംഗം സൃഷ്ടിച്ച കൊറിയന്കാരനായ സാംസങ്ങിനെപ്പോലും പിന്തള്ളിയിട്ടുണ്ട് മൈക്രോ മാക്സ് എന്ന ഈ ഇന്ത്യക്കാരന്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയായിരുന്നു മൈക്രോമാക്സ് വിപണിയെ വലയിലാക്കിയത്.
ലാവ, കാര്‍ബണ്‍, റിലയന്‍സ് ലൈഫ്, സ്പൈസ്, വീഡിയോകോണ്‍, ഇന്ടെക്സ്, ഐബാള്‍ വിപണി കീഴടക്കിയ ഇന്ഡ്യക്കാരായവര് ഇനിയുമുണ്ട്. ജിയോ സിമ്മിലൂടെ സൗജന്യ ഡാറ്റ നല്കി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ്, ലൈഫ് (എല്‍വൈഎഫ്) എന്ന സ്മാര്‍ട്ട് ഫോണിലൂടെ ഇന്‍ഡ്യന്‍ മൊബൈല്‍ വിപണിയും കീഴടക്കി. ഓരോ ദിവസവും വിപണി ഉണരുന്നത് പുതിയ കമ്പനികളുടെ മൊബൈല്‍ ഫോണുമായിട്ടാണ്. വരിക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ എന്തിന് നോക്കിയിരിക്കണം?
അമേരിക്കയും മൊബൈല്‍ ഉത്പാദനത്തില്‍ പിന്നോട്ടല്ല. ഏറെ ആരാധകരുള്ള ആപ്പിളും മൈക്രോസോഫ്റ്റും മോട്ടറോളയുമെല്ലാം മലയാളികളുടെ ഫോണ്‍ വിളിയുടെ ഭാഗമായി എപ്പോഴുമുണ്ട്. സോണി, പാനസോണിക്, സാന്‍സുയി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളുമായി ഇന്ന് ജപ്പാനും ഇന്ത്യ-ചൈന മൊബൈല്‍ യുദ്ധത്തില്‍ പങ്കാളിയാണ്.
പാകിസ്ഥാനില്‍ രണ്ടു കമ്പനികള്‍ മാത്രമേ മൊബൈല്‍ ഫോണുകള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നാണ് മൊബൈല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ പുതിയ ഫീച്ചറുകളുള്ള ഫോണുമായി എത്തുന്നതോടെ ഒരു ലോക മൊബൈല്‍ യുദ്ധത്തിനുതന്നെ സ്മാര്‍ട്ട് ഫോണ്‍ വിപണി സാക്ഷിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: