‘പ്ലീസ്….. ആരും ആപ്പുവെക്കല്ലേ’ എട്ടിന്റെ പണികിട്ടുമ്പോള്‍ ന്യൂജന്‍ പയ്യന്‍സ് ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കും. ശരിക്കും പേരുപോലെ തന്നെ ആപ്പ് ഒരു ആപ്പാണ്. ചീഞ്ഞ മീന്‍ തിരിച്ചറിയാന്‍ ആപ്പ്, പഴകിയ ആഹാരം കണ്ടെത്താന്‍ ആപ്പ്, വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ ആപ്പ്…..ആപ്പിന്റെ ശല്യം കാരണം ആപ്പിലാകുന്നവര് ഏറെ.
പക്ഷേ, ശല്യക്കാരായ ആപ്പ് മാത്രമല്ല ഇവിടെയുള്ളത്. ഉപകാരിയായ ആപ്പുകളും ഏറെയുണ്ട്. സംഗീത പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന, ഗിറ്റാര്‍ പഠിക്കാനും പ്ലേ ചെയ്യാനുമുണ്ട് ആപ്പുകള്‍ ധാരാളം. മൊബൈല്‍ പ്ലേ സ്റ്റോറില്‍ പോയി ഗിറ്റാര്‍ പ്ലേ ആപ്പ് എന്ന് ടൈപ്പ് ചെയ്താല്‍ ആപ്പുകളുടെ പ്രളയമാണ്. അതില്‍ നിന്ന് ഇഷ്ടമുള്ളത് ഡൗണ്‍ലോഡ് ചെയ്ത് ഗിറ്റാര്‍ പഠിക്കാം.
ഗിറ്റാര്‍ പ്ലേ ആന്‍ഡ് ലേണ്‍, റിയല്‍ ഗിറ്റാര്‍, റിയല്‍ ഗിറ്റാര്‍ സിമുലേറ്റര്‍, ഗിറ്റാര്‍, റിയല്‍ ഗിറ്റാര്‍ മ്യൂസിക്, പ്ലേഗിറ്റാര് സിമുലേറ്റര്‍ ബെസ്റ്റ് ഇലക്ട്രിക് ഗിറ്റാര്‍…. ഇങ്ങനെ നീളുന്നു ആപ്പുകള്‍.
ഏത് രാഗത്തിലും താളത്തിലും ഗിറ്റാറിന്റെ ഈണം ഈ ആപ്പുകള്‍ വഴി പ്ലേ ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത ആപ്പുവഴി രജിസ്റ്റര്‍ ചെയ്തുവേണം പഠിക്കാന്‍. ചില ആപ്പുകള്‍ സൗജന്യമാണ്. ചിലത് പണം വാങ്ങുന്നുണ്ട്. എന്തായാലും ഗിറ്റാര്‍ സ്വന്തമായില്ലെങ്കിലും ഒരു സ്മാര്‍ട്ട് ഫോണും ഗിറ്റാര്‍ ആപ്പുമുണ്ടെങ്കില്‍ നമുക്ക് സംഗീതത്തിന്റെ തേന്മഴ പെയ്യിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: