കൊച്ചി: ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ടെലികോം വ്യവസായം 2017 മാര്‍ച്ചില്‍ 56.8 ലക്ഷം മൊബൈല്‍ വരിക്കാരെ കൂടി ചേര്‍ത്തു. മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് മാര്‍ച്ച് അവസാനം ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 89.52 കോടിയിലെത്തി. റിലയന്‍സ് ജിയോ വരിക്കാരുള്പ്പടെയുള്ള കണക്കാണിത്. മാര്‍ച്ച് അവസാനം ജിയോ വരിക്കാരെ കൂടാതെയുള്ള എണ്ണം 82.31 കോടിയായിരുന്നു.
ടെലികോം കമ്പനികളില്‍ ഭാരതി എയര്‍ടെലാണ് മുന്നില്‍. മാര്‍ച്ചില്‍ 30 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് മൊത്തം എണ്ണം 27.36 കോടിയായി. 20.90 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നില്‍. 19.53 കോടി വരിക്കാരുമായി ഐഡിയയും 7.21 കോടിയുമായി ജിയോയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
വിവിധ ഭാഗങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയും റിപ്പോര്‍ട്ടിലുണ്ട്. യുപിയുടെ കിഴക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന, 7.51 കോടി. 7.06 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും ഏഴു കോടിയുമായി ബീഹാര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അതേസമയം, പശ്ചിമ ബംഗാളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും പുതിയ വരിക്കാരുടെ എണ്ണത്തില്‍ മുന്നിലെത്തി. മാര്‍ച്ചില്‍ 8.6 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ്. മാത്യുസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: