തൃശൂര്‍: പതിനൊന്ന് വര്‍ഷത്തിനു ശേഷം ലാഭത്തിലേക്ക് നീങ്ങുന്ന പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് ജീവനക്കാരുടെ സമരം തിരിച്ചടിയാകുന്നു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല ഓഫീസേഴ്സ് യൂണിയനാണ് സമരം നടത്തുന്നത്.
ഒരു ലക്ഷം രൂപയോളം ശമ്പളയിനത്തില്‍ പ്രതിമാസം കൈപ്പറ്റുന്നവരാണ് ഇവരിലേറെയും. രാഷ്ട്രീയപ്രേരിതമായ സമരത്തെ ബഹുഭൂരിപക്ഷം ജീവനക്കാരും എതിര്‍ക്കുകയാണ്. നേരത്തെ ഒപ്പിട്ട ശേഷം സമരത്തിന് പോവുകയായിരുന്നു രീതി. ഇത് അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെ ഇപ്പോള്‍ ലീവെടുത്താണ് സമരം.
എഞ്ചിനീയറിംഗ് വിഭാഗത്തില്‍പ്പെട്ടവരും അക്കൗണ്ട്സ് വിഭാഗത്തില്‍പ്പെട്ടവരും സമരത്തിലുണ്ട്. ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ ഒട്ടേറെ പുതിയ ജനപ്രിയ പ്ലാനുകളും മറ്റും അവതരിപ്പിച്ചിട്ടുണ്ട.് ജനങ്ങള്‍ക്കിടയില്‍ ഇവക്ക് നല്ല സ്വീകരണവുമുണ്ട്. എന്നാല്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ നിസ്സഹകരണം മൂലം ഡിമാന്റിനൊത്ത് ഇവ നല്കാന് കഴിയുന്നില്ല എന്നതാണ് സ്ഥിതി.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ബി.എസ്.എന്‍.എല്‍ മോദി സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്‍ ലാഭം രേഖപ്പെടുത്തി.
ഈ വളര്‍ച്ച തടയാനുള്ള രാഷ്ട്രീയ ഗൂഢാലോചന ചില കോണുകളില്‍ നിന്നുണ്ടെന്ന് ബിഎംഎസ് അനുകൂല യൂണിയന് ഭാരവാഹികള്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമുയര്‍ന്ന ശമ്പളം വാങ്ങുന്നവരില്പ്പെട്ടവരാണ് ബി.എസ്.എന്‍.എല്‍ ഓഫീസര്‍മാര്‍. ഇപ്പോള്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യത്തിന് പ്രസക്തിയില്ല.
സമരത്തിന് പോകുന്നവര്‍ ലീവിലായതിനാല്‍ ഓഫീസിലെ അമിത ജോലി ഭാരം മറ്റു ജീവനക്കാരുടെ മേലാണ്. അവര്‍ പറയുന്നു. ബഹുഭൂരിപക്ഷം ജീവനക്കാരും മറ്റു യൂണിയനുകളും സമരത്തിന് അനുകൂലമല്ല. സമരം തുടരുന്ന പക്ഷം സമരക്കാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: