കൊച്ചി: വിപണന മൂല്യമുള്ള മീനുകളുടെയും അലങ്കാര ചെമ്മീനിന്റെയും കൃത്രിമ ഉല്പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിജയകരമായി പൂര്‍ത്തിയാക്കി. ഭക്ഷ്യ മത്സ്യമായ ഏരി (പുള്ളി വെള്ളമീന്), അലങ്കാരമത്സ്യമായ ആന്തിയാസ്, അലങ്കാര ചെമ്മീന്‍ വിഭാഗത്തില്‍ പെടുന്ന ഒട്ടക ചെമ്മീന്‍ എന്നിവയുടെ വിത്തുല്പാദന സാങ്കേതിക വിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചത്.
അന്താരാഷട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള ഇവയുടെ കൃത്രിമ ഉല്പാദനം ലോകത്താദ്യമായി വിജയകരമായി പൂര്‍ത്തീകരിച്ചതോടെ അപൂര്‍വ നേട്ടമാണ് സിഎംഎഫ്ആര്‍ഐ കൈവരിച്ചത്. രണ്ട് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് വിത്തുല്പാദന പരീക്ഷണം വിജയകരമായത്. സിഎംഎഫ്ആര്‍ഐയുടെ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്.എ.എസ്.) ഉപയോഗിച്ചാണ് മാതൃമത്സ്യങ്ങളില്‍ നിന്ന് കൃത്രിമ വിത്തുല്പാദനം നടത്തിയത്. സമുദ്രമത്സ്യ കൃഷിയിലും കയറ്റുമതി കമ്പോളത്തിലും ഇന്ത്യക്ക് മുന്നേറ്റം നടത്താന്‍ വഴിതുറക്കുന്നതാണ് സിഎംഎഫ്ആര്‍ഐയുടെ ഈ നേട്ടം.
വിദേശ രാജ്യങ്ങളിലും വെള്ളമീനിന് ആവശ്യക്കാരേറെയാണ്. രണ്ടു കിലോ വരെ തൂക്കത്തില്‍ വളരുന്ന ഈ മീനിന് കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെ വില ലഭിക്കും. മികച്ച വളര്‍ച്ചാനിരക്കുള്ള ഈ മത്സ്യം സമുദ്രമത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമാണ്. അലങ്കാരമത്സ്യ വിപണിയില്‍ വിദേശനാണ്യം നേടാന്‍ സഹായകരമാകുന്ന സമുദ്ര അലങ്കാര മത്സ്യമാണ് ആന്തിയാസ്. മീനൊന്നിന് വിദേശ വിപണിയില്‍ മുപ്പത് യുഎസ് ഡോളറാണ് ഇതിന്റെ വില. വളരെ സങ്കീര്‍ണമായ പ്രജനന സ്വഭാവമുള്ള ഈ മീനിന്റെ വിത്തുല്പാദനം ലോകത്തൊരിടത്തും ഇതുവരെ വിജയകരമായിട്ടില്ല.
അതുകൊണ്ട് തന്നെ, ഇവയുടെ കുഞ്ഞുങ്ങള്‍ക്കും കൃഷിക്കും മികച്ച സാധ്യതകളാണുള്ളത്. പവിഴപ്പുറ്റുകള്‍ക്കിടയിലാണ് കടലില്‍ ഈ മത്സ്യങ്ങള്‍ വളരുന്നത്.
സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രം മേധാവി ഡോ. എം കെ അനിലിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പരീക്ഷണം നടത്തിയത്. വിശദവിവരങ്ങള്‍ക്ക് 9447048219.
പ്രതികരിക്കാൻ ഇവിടെ എഴുതുക: