ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വാങ്ങാന്‍ ടാറ്റ, ഗോദ്രേജ്, ആദാനി, പതഞ്ജലി തുടങ്ങി രാജ്യത്തെ പ്രമുഖ ഗ്രൂപ്പുകള്‍ താത്പ്പര്യം പ്രകടിപ്പിച്ചു. 7,400 കോടി വിലമതിക്കുന്ന 30 ഓളം വസ്തുവകകള്‍ വാങ്ങിക്കാനാണ് ഈ ഗ്രൂപ്പുകള്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇവ ലേലത്തില്‍ വില്‍ക്കുന്നത്.
ഇതുകൂടാതെ ഒമാക്സെ, എച്ച്എന്‍ഐ, പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ സ്ഥാപനങ്ങളും ഇത് വാങ്ങിക്കാന്‍ താത്പ്പര്യം അറിയിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപ്പോളോ ആശുപത്രി ലക്നൗവിലെ സഹാറയുടെ ആശുപത്രിവാങ്ങാനും മുന്നോട്ട് വന്നിട്ടുണ്ട്. ഈ ഗ്രൂപ്പുകളെല്ലാം സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ രണ്ടുമാസത്തെ സമയവും തേടിയിട്ടുണ്ട്.
അതേസമയം വില്‍പ്പന സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സഹാറ വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സ്വത്തുക്കള്‍ വാങ്ങിക്കാന്‍ താത്പ്പര്യമുള്ളതായി ഈ ഗ്രൂപ്പുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. ജൂണ്‍ 17 ഓടെ സ്വത്ത് വില്‍പ്പന നടത്തുന്നതിനുള്ള തുകയുടെ ആദ്യഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹാറ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: