ഓരോ യാത്രയിലും ഒരു സുന്ദരി കൂട്ടിനുണ്ടെങ്കില്‍ നല്ലതല്ലേ? വെറുമൊരു സുന്ദരിയല്ല, അതി സുന്ദരിയായാല് അത്രയും നല്ലത്. പറഞ്ഞുവരുന്നത് പെണ്ണിനെക്കുറിച്ചല്ല, കാറിന്റെ കാര്യമാണ്. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ ടെണ്ണിന്റെ പുതിയ മോഡലിനെക്കുറിച്ച്.
കണ്ണഞ്ചിപ്പിക്കുന്ന ചന്തവുമായി 2013ല്‍ ആദ്യം പുറത്തിറങ്ങിയപ്പോള്‍ തന്നെ കാര്‍ പ്രേമികള്‍ അവളെ നോട്ടമിട്ടു. ഇപ്പോഴിതാ കൂടുതല്‍ സുന്ദരിയായി അവളെത്തുമ്പോള്‍ ഇതുവരെ നോക്കാത്തവരും ഒന്നു നോക്കിപ്പോകും. കാരണം, ഒരു രാജകുമാരിയുടെ സൗന്ദര്യമാണവള്‍ക്ക്.
വില കൂടിയ ആഡംബര കാറുകള്‍ക്ക് മാത്രം അവകാശപ്പെട്ട പലതും ഗ്രാന്‍ഡ് ഐ ടെണ്ണിനുണ്ട്. അകത്തും പുറത്തും മികവുറ്റ ഡിസൈന്‍, അതിവേഗമുള്ള സില്‍ക്കി സ്മൂത്ത് എന്ജിന്, ആയാസ രഹിതമായ ഡ്രൈവിംഗ്, കുതിച്ചുപായുമ്പോള്‍ പുറത്തുള്ള ശബ്ദം അകത്ത് എത്താത്ത വിധം നിശബ്ദമായ ക്യാബിന്… ഗ്രാന്‍ഡ് സുന്ദരിയുടെ വിശേഷങ്ങള്‍ ഇനിയും നീളും.
മറ്റു ഹാച്ച് ബാക്കുകളെ എളുപ്പത്തില്‍ പിന്തള്ളാന് ഗ്രാന്ഡിന് ഈ ഫീച്ചറുകളെല്ലാം ധാരാളം.
1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രത്യേകത. സ്റ്റാര്‍ട്ട് ചെയ്ത് ഡോര്‍ അടച്ചാല്‍ ഐഡിലിങ് ശബ്ദം അകത്ത് കടക്കില്ലെന്നതാണ് പെട്രോള്‍ എന്‍ജിന്റെ മേന്മ. ഫൈവ് സ്പീഡ് ട്രാന്സ്മിഷന് ഷിഫിറ്റിങ്ങായാതിനാല് കൂളായി ഓടിക്കാം. 1197 സി.സി. യാണ് എന്ജിന് ശേഷി. നാലു സിലിണ്ടറുണ്ട്. പെട്രോള്‍ മാനുവല്‍ ഗിയര്‍ ഷിഫ്റ്റില്‍ 19.7 കി.മീ മൈലേജ് കിട്ടും. ഓട്ടോമാറ്റിക്കിന് 17.49 കി.മീ.ആണ് മൈലേജ്. കരുത്ത് 83 ബി.എച്ച്.പി. 4.66 ലക്ഷം മുതല്‍ 6.54 ലക്ഷം വരെയാണ് പെട്രോളിന്റെ വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. 1186 സി.സി. മൂന്നു സിലിണ്ടര്‍ എന്‍ജിനാണ് ഡീസലിന്. കരുത്ത് 75 ബി.എച്ച്.പി.യും. ഐഡിലിങ്ങില് ശബ്ദം പുറത്തുകേള്‍ക്കാം. 24.4 കി.മീ മൈലേജ്കിട്ടും. 5.78 ലക്ഷം മുതല്‍ 7.49 ലക്ഷം വരെയാണ് ഡീസല്‍ വേരിയന്റുകളുടെ എക്സ് ഷോറൂം വില.
ഫോഗ് ലാംപിനോട് ചേര്‍ന്നുള്ള എല്‍.ഇ.ഡി. പകല്‍ക്കണ്ണുകള്‍, ഫ്രണ്ട് എയര്കര്ട്ടനുകള്, ഭംഗിയേറിയ ഡയമണ്ട് കട്ട് അലോയി വീലുകള്‍, ഡ്യൂവല്‍ ടോണ്‍ പിന് ബംപറുകള്‍, വട്ടത്തിലുള്ള റിഫ്ളക്ടറുകള്‍ തുടങ്ങിയവയാണ് സൗന്ദര്യ രഹസ്യം. കാണാനഴകിന് പുറമെ യാത്രക്കാരുടെ സുരക്ഷയൊരുക്കാനും പുതിയ ഡിസൈനില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് ഹ്യുണ്ടായ്. രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയവയാണ് പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍.
ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ മിറര്‍ ലിങ്ക് സപ്പോര്‍ട്ടോടുകൂടിയ ഏഴിഞ്ച് ടച്ച് സ്ക്രീന്‍ നാവിഗേഷന്‍. ഒപ്പം മ്യൂസിക് സിസ്റ്റവും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ കോള്‍ സ്വീകരിക്കാനും സന്ദേശം കൈമാറാന്‍ പറ്റുന്നതുമാണിത്. മിറര്‍ ലിങ്ക് സാങ്കേതിക വിദ്യയിലൂടെ ഫോണിന്റെ അതേ ദൃശ്യം സ്ക്രീനില്‍ ലഭ്യമാക്കിയാണിത് സാധ്യമാകുന്നത്.
അതിവേഗത്തില്‍ ക്യാബിന് തണുപ്പിക്കുന്ന ഓട്ടോമാറ്റിക് എ.സി, പിന് എ.സി. ബെന്റ്, തകര്‍പ്പന്‍ സ്പീക്കറുകള്‍, കണ്ട്രോള് സ്വിച്ച് ഘടിപ്പിച്ച ലെതര്‍ സ്റ്റിയറിങ് എന്നിവ ഇന്റീരിയറിനെ ആഡംബരമാക്കുന്നു. ഉയര്‍ന്ന വേരിയന്റായ ആസ്തയില് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടും ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുമുണ്ട്. ഓറഞ്ച്, തൂവെള്ള, റെഡ് പാഷന്, സ്ലീക് സില്‍വര്‍, സ്റ്റാര്‍ ഡസ്റ്റ്, ട്വിലൈറ്റ് ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും. ഇനി ഒട്ടും താമസിക്കാതെ ഒരു ഗ്രാന്‍ഡ് ഐ ടെണ് സ്വന്തമാക്കിയാലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: