ബെംഗളൂരു: ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ അടുത്തുതന്നെ ആരംഭിക്കും. കര്‍ണ്ണാടകയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആപ്പിളിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ബെംഗളൂരുവില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചതാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴാണിത് സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്തിനുവേണ്ടി ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് ആപ്പിളിന്റെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് സഹായകരമാവുന്നതാണ് ഇതെന്നും ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വില കുറയാന്‍ ഇത് കാരണമാകുമെന്നും പ്രിയങ്ക് പറഞ്ഞു. ആപ്പിളിന്റെ ബെംഗളൂരുവിലെ യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് കരുതുന്നത്.
ആപ്പിള്‍ എക്സിക്യൂട്ടീവുകളായ പ്രിയ ബാല സുബ്രഹ്മണ്യം (ഐഫോണ്‍ ഓപ്പറേഷന്‍സ്), ഐഫോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ധീരജ് ചുഗ്, മുതിര്‍ന്ന മാനേജര്‍ അലി ഖന ഫെര് എന്നിവരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് യൂണിറ്റ് സ്ഥാപിക്കാന്‍ അംഗീകാരം നല്‍കിയത്.
തായ്വാന് കമ്പനിയായ വിസ്ട്രണാണ് ആപ്പിളിനുവേണ്ടി ഫോണുകള്‍ സംയോജിപ്പിക്കുന്നത്. ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ ഒഴിവുകള്‍ ഉള്ളതായി ആപ്പിള്‍ കഴിഞ്ഞ ഡിസംബറില്‍ പരസ്യം നല്‍കിയിരുന്നു. ഐഫോണ്‍, ഐപാഡ്, ഐപോഡ്, മാക് എന്നീ ഉത്പന്നങ്ങളാണ് നിലവില്‍ ആപ്പിളിനുള്ളത്. അതേസമയം മറ്റു ചില ഫോണുകളുടേയും നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: