കൊച്ചി: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ മുന്‍നിര്‍ത്തി കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ഇത് മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ ചെറുകിടസൂക്ഷ്മ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിച്ച ബിസിനസ് മീറ്റായ ‘വ്യാപാര്‍ 2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യവിഭവ ശേഷി കയറ്റുമതി കുറഞ്ഞു വരുകയാണ്. മടങ്ങിയെത്തുന്ന വിദേശ മലയാളികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ ചെറുകിടസൂക്ഷ്മ വ്യവസായങ്ങള്‍ക്ക് സാധിക്കും. വ്യാപാര്‍ പോലുള്ള മേള ഈ ദിശയിലേക്കുള്ള മികച്ച ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയുടെ വിശാലമായ തീരദേശം കേന്ദ്രീകരിച്ച് വ്യാപാര സംരംഭങ്ങള്‍ ഉണ്ടാകണമെന്ന് വ്യവസായ വകുപ്പ് അഡി ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു. ചരക്ക് നീക്കം സുഗമമായി നടത്താന്‍ കൊച്ചിയിലെ അന്താരാഷ്ട്ര തുറമുഖം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗ് പോര്‍ട്ടല്‍ വഴിയും വ്യവസായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദേശ പ്രതിനിധികളെ അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യവസായവാണിജ്യ ഡയറക്ടറേറ്റ് വഴി ബിസിനസ് ടു ബിസിനസ് മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്കുള്ള പ്രഥമ അവാര്‍ഡ് ചാലക്കുടിയിലെ റാപോള്‍ സാനിപ്ലാസ്റ്റിന് മന്ത്രി സമ്മാനിച്ചു. ചെറുകിടവ്യവസായങ്ങള്‍ വളരുന്നതിന് സൗഹൃദാന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കണമെന്ന് അധ്യക്ഷത വഹിച്ച എസ്. ശര്‍മ്മ എംഎല്‍എ ചൂണ്ടിക്കാട്ടി.
കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് സിഇഒ വി. രാജഗോപാല്‍, കെ.വി. തോമസ് എംപി, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്, ഫിക്കി കോ ചെയര്മാന് ദീപക് അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.
മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക് മാത്രമായാണ് ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ് മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന് വ്യാപാര്‍ നടക്കുന്ന സ്ഥലത്ത് സ്പോട്ട് രജിസ്ട്രേഷന് വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: