ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം ഓഹരിവിപണികളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 486 പോയിന്റ് ഉയര്‍ന്ന് 28,142ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പൊതുമേഖല ബാങ്കുകള്‍ക്ക് 10,000 കോടി ബജറ്റില്‍ വകയിരുത്തിയതാണ് ഓഹരിവിപണിയിലെ നേട്ടത്തിനുപിന്നിലെന്നാണ് വിലയിരുത്തല്‍. ബജറ്റ് അവതരണവേളയില്‍ പൊതുവെ സ്ഥിരതയിലായിരുന്ന വിപണി ജയ്റ്റലിയുടെ പ്രസംഗം അവസാനിച്ചശേഷമാണ് കുതിക്കാന്‍ തുടങ്ങിയത്.
കൂടാതെ നിഫ്റ്റി 155 പോയിന്റ് ഉയര്‍ന്ന് 8,716.40ലും, ബിഎസ്ഇ 486 പോയിന്റ് ഉയര്‍ന്ന് 28142ലും വ്യാപാരം അവസാനിപ്പിച്ചു. നിര്‍മാണ മേഖലയ്ക്കായി 3.96 കോടി ബജറ്റില്‍ വകയിരുത്തിയതാണ് ഓഹരി വിപണിയിലെ കുതിപ്പിനു കാരണം. കൂടാതെ ചെറുകിട കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി കുറച്ചതും, 50 കോടി വരെ വിറ്റുവരവുള്ള കമ്പനികളുടെ നികുതി 25 ശതമാനമാക്കി കുറച്ചതും സ്വാധീനിച്ചിട്ടുണ്ട്.
എസ്ബിഐ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരികളില്‍ 5.64 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഡിഎല്‍എഫ്, ഗോദ്രജ് പ്രോപ്പര്‍ട്ടീസ്, എച്ച്ഡിഐഎല്‍, ഒബ്രോയ് റിയല്‍റ്റി, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്, ശോഭ ലിമിറ്റഡ്, യുണിടെക് എന്നിവ 6.74ശതമാനം ഉയര്‍ന്നു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധനുക അഗ്രിടെക്, ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റം എന്നിവ 3.71 ശതമാനം വളര്‍ച്ച നേടി. മാരുതി സുസുക്കി 4.69 ശതമാനം, എം ആന്‍ഡ് എം 4.64 ശതമാനം, ഐടിസി 4.51 ശതമാനം, ഐസിഐസിഐ ബാങ്ക് 4.40 ശതമാനം, ഗെയ്ല് 3.76 ശതമാനം, അദാനി പോര്‍ട്സ് 3.60 ശതമാനം എന്നിങ്ങനെ മറ്റു കമ്പനികളും ഉയര്‍ച്ച നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: