കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന 3,100 കോടി രൂപയുടെ മൂന്നു വികസന പദ്ധതികള്‍ ഫെബ്രുവരി പകുതിയോടെ തുടങ്ങുമെന്ന് ചെയര്‍മാനും എംഡിയുമായ മധു എസ്. നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
പുതിയ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ കരാര്‍ ലഭിക്കും. കപ്പല്‍ശാലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന കരാറുകള്‍ പ്രകാരം പണി പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള രണ്ട് ഡ്രൈ ഡോക്കുകള്‍ പോരാ.
മൂന്നാമതൊന്ന് 1,800 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും. പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത 35 ഏക്കര്‍ സ്ഥലം ഇതിന് ഒരുക്കി. ഡോള്‍ഫിന്‍ ക്ലബ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണിത്. ഷിപ്ലിഫ്റ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തു. അറ്റകുറ്റപ്പണിക്ക് നൂറിലേറെ ജലവാഹനങ്ങള്‍ എത്തുന്നത് വരും നാളുകളില്‍ കൂടും. ഈ രംഗത്ത് 970 കോടി രൂപയുടെ നിക്ഷേപത്തിന് പദ്ധതിയുണ്ട്. 2,000 പേര്‍ക്ക് നേരിട്ട് പുതുതായി ജോലി ലഭ്യമാക്കുന്നതാണ് പദ്ധതികള്‍.
ജലമാര്‍ഗമുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം കൊച്ചി കപ്പല്‍ശാലയ്ക്ക് ഗുണമാകും. യുദ്ധക്കപ്പല്‍ മുതല്‍ ചെറിയ ചരക്കു വാഹനങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള കഴിവു തെളിയിച്ചതിനാല്‍ സിഎസ്എല്ലിന് ഓര്‍ഡറുകളും കിട്ടും. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കപ്പല്‍ശാലയുടെ യൂണിറ്റുകള്‍ തുടങ്ങുകയോ ഫ്രാഞ്ചൈസി കൊടുക്കുകയോ ചെയ്യും.
നാളെയുടെ ഇന്ധനമായ എല്‍എന്‍ജി ഉപയോഗിക്കുന്ന കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ലോകത്ത് 15 കമ്പനികള്‍ക്കേ ലൈസന്‍സുള്ളു. ഒന്ന് കൊച്ചി കപ്പല്‍ശാലയാണ്. കൊറിയയിലെ സാംസങ് ഹെവി ഇന്‍ഡസ്ട്രീസുമായി സാങ്കേതിക കാര്യങ്ങളില്‍ സഹകരണ കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം 2,000 കോടി വാര്‍ഷിക വിറ്റുവരവ് നേടി, ഈ വര്‍ഷം വര്‍ദ്ധിക്കും. എട്ടു മുതല്‍ 10 വരെ ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: