മട്ടാഞ്ചേരി: സീസണായിട്ടും വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാല് ദിവസത്തില്‍ ക്വിന്റലിന് 1,500 രൂപ (കിലോ 15 രൂപ)യുടെ വര്‍ധനവ്. ഇത് സംസ്ഥാനത്ത് പാമോയില്‍, സൂര്യകാന്തി എണ്ണ വില്പനകൂട്ടി. തേങ്ങയ്ക്കും വില കൂടി.
വെളിച്ചെണ്ണ വിലകൂടിയതോടെ സംസ്ഥാനത്ത് പാമോയില്‍, സൂര്യകാന്തി എണ്ണകളുടെ ഉപഭോഗമേറി. പച്ചത്തേങ്ങയുടെ വിലയിലും വന്‍ കുതിപ്പുണ്ടായി. വരള്‍ച്ചമൂലം നാളികേര ഉല്‍പ്പാദനം കുറഞ്ഞതാണ് അടിസ്ഥാന കാരണം. ഉല്‍പ്പാദനത്തില്‍ 30 % കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വെളിച്ചെണ്ണ തയാര്‍ വില ക്വിന്റലിന് 12,300 രൂപയായി. മില്ലിങ്ങ് എണ്ണ വില ക്വിന്റലിന് 11,800 രൂപയില്‍ നിന്ന് 12,900 രൂപയായി. തയ്യാര്‍ വിലയാണ് ചില്ലറ വില്‍പ്പന നിശ്ചയിക്കുന്ന മാനദണ്ഡം. അങ്ങനെ ചില്ലറ വില കിലോയ്ക്ക് 135-140 രൂപ വരെയാകും. ഇത് ചില്ലറ വില്പന വിപണിയില്‍ വന്‍ തിരിച്ചടിക്കിടയാക്കിയെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്ടിലെ ഉത്സവകാലവും കോര്‍പ്പറേറ്റുകളുടെ കൊപ്ര വിപണി സാന്നിധ്യവുമാണ് വെളിച്ചെണ്ണ വില ഉയര്‍ത്തിയ ഒരു ഘടകം.
വെളിച്ചെണ്ണവില കൂടിയതോടെ ഉപഭോഗം കുറഞ്ഞു. പാമോയില്‍ വില കിലോയ്ക്ക് 65-72 രൂപ മാത്രം. ഹോട്ടലുകാര്‍ സൂര്യകാന്തി, പാമോയില്‍ എണ്ണകളാണുപയോഗിക്കുന്നത്.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നാളികേര ഉല്പാദനത്തില് 30 % വരെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. വെളിച്ചെണ്ണ വില വര്‍ധന കേരകര്ഷകന് കാര്യമായ ഗുണം ചെയ്യില്ല, ഇടനിലക്കാര്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു.
നാളികേര ക്ഷാമം, പച്ചത്തേങ്ങ വിലയിലും വലിയ വര്ദ്ധനയുണ്ടാക്കി. കിലോയ്ക്ക് അഞ്ചുരൂപവരെ വിലയേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: