കോഴിക്കോട്/ദുബായ്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 620 കോടി രൂപയുടെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുളളില്‍ 24 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാകുംപദ്ധതി പൂര്‍ത്തിയാക്കുക. ഇതനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ ഗ്രൂപ്പിന് കീഴിലുളള ഷോറൂമുകളുടെ എണ്ണം 161 ല്‍ നിന്ന് 185 ആയി ഉയരും.
ആകെയുള്ള നിക്ഷേപത്തില്‍ 220 കോടി രൂപ ഇന്ത്യയിലും 400 കോടി രൂപ ഗള്‍ഫ് രാജ്യങ്ങളിലുമാകും. പുതുതായി ആരംഭിക്കുന്ന 24 ഔട്ട്ലെറ്റുകളില് ഒന്‍പതെണ്ണം യുഎഇയില്‍. ഇന്ത്യയില്‍ ഏഴ്, സൗദി അറേബ്യയില്‍ അഞ്ച്, ബഹ്റൈനില്‍ രണ്ട്, കുവൈത്തില്‍ ഒരു ഷോറൂം തുറക്കും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി 1,000 പുതിയ പ്രൊഫഷനലുകളെക്കൂടി നിയോഗിക്കും. മാര്‍ച്ച് അവസാനത്തോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 10,000 കടക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. 1700ലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനി ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുള്ള അഞ്ച് ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ്. ലാഭ വിഹിതത്തിന്റെ അഞ്ച് ശതമാനം സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവയ്ക്കുന്നത്.
സമൂഹത്തിലെ അര്‍ഹരായവര്‍ക്കുളള സഹായ ഹസ്തമായി പ്രധാനമായും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ആരോഗ്യ പരിചരണം, ഭവന നിര്‍മ്മാണം പരിസ്ഥിതി സംരക്ഷണം എന്നീ അഞ്ച് രംഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: