കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം 128.54 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്മാന് എ.വി. രമണ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്ക് നീക്കം 221 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 230 മെട്രിക് ടണ്‍ ആകുമെന്നാണ് കണക്ക്. കണ്ടെയ്നര്‍ നീക്കം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു വര്‍ഷം അഞ്ച് ലക്ഷം ടിയുഇ ആണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്മാന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ കൊച്ചി തുറമുഖത്ത് എത്തിത്തുടങ്ങിയ കോസ്റ്റല്‍ കാര്‍ കാരിയറുകള്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമാക്കി. കൂടുതല്‍ കാര്‍ കണ്ടെയ്നറുകള്‍ ആകര്‍ഷിക്കാന്‍ നിരക്കിന്റെ എണ്‍പത് ശതമാനം റിബേറ്റ് നല്കി.
ഉപഭോക്താവിന് മൂവായിരം മുതല്‍ ആറായിരം രൂപ വരെ ലാഭമാണ് ഇതിലൂടെ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33 ക്രൂയിസ് കപ്പലുകള്‍ തുറമുഖത്തെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം 45 ക്രൂയിസ് കപ്പലുകളാണ് പ്രതീക്ഷിക്കുന്നത്. 489.7 കോടി വരുമാനവും 361.16 കോടി ചെലവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വല്ലാര്‍പാടത്ത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെയ്നര്‍ ലോറി പാര്‍ക്കിങ്ങിന് സജ്ജമാക്കി. പേ ആന്‍ഡ് പാര്‍ക്കാണിത്. ഒരേസമയം 150 ലോറികള്‍ പാര്‍ക്ക് ചെയ്യാം. ഇതിന്റെ ഉദ്ഘാടനം 26ന്. ജിഡ പാലത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന ആര്ഒബിയുടെയും ഫ്ളൈ ഓവറിന്റെയും നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാകും. മലിനീകരണ തോത് കുറയ്ക്കുന്നത് ലക്ഷ്യമിട്ടു നാല് കോടി രൂപയോളം ചെലവഴിച്ച് ഓയില്‍ സ്പില്‍ റെസ്പോണ്‍സ് ഉപകരണങ്ങള്‍ വാങ്ങുമെന്നും ചെയര്മാന് പറഞ്ഞു. ഐഒസിയുമായി ചേര്‍ന്ന് പുതുവൈപ്പില്‍ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ സ്ഥാപിക്കും. 240 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബാങ്കര്‍ കൈകാര്യം ചെയ്യുന്നതിന് മുപ്പത്തിനാലര കോടി ചെലവിട്ട് ബാര്‍ജ് ജെട്ടി സ്ഥാപിക്കും. കൊച്ചിയെ ബങ്കറിങ് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുക എന്നതാണ് പോര്‍ട്ട് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് 3050 കോടി രൂപ ചെലവഴിച്ച് ഔട്ടര്‍ ഹാര്‍ബര്‍ സ്ഥാപിക്കും. ഇതിനുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതായും ചെയര്മാന് പറഞ്ഞു. ഡ്രഡ്ജിങ് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞത് പ്രവര്‍ത്തന ലാഭം ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 150 കോടി രൂപയായിരുന്നത് ഇത്തവണ 60 കോടി രൂപയായി കുറയ്ക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന് കഴിഞ്ഞു.
തൊഴില്‍സാധ്യത തുറന്നിട്ട് നൈപുണ്യ വികസന കേന്ദ്രം
കൊച്ചി: വൈവിധ്യവത്ക്കരണത്തിനും തൊഴില്‍ സാധ്യതയ്ക്കും മുന്‍ഗണന നല്കി പ്രവര്‍ത്തന ലാഭം നേടാനുള്ള ശ്രമത്തിലാണ് കൊച്ചി തുറമുഖ ട്രസ്റ്റ്. കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ അനന്തമായ തൊഴില്‍ സാധ്യതകളാണ് കേരളത്തിന് മുന്നില്‍ തുറക്കുന്നത്.
സീമെന്‍സിന്റെ സഹായത്തോടെയാണ് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നത്. ഇത് കേരളത്തിലെ യുവാക്കള്‍ക്ക് ഏറെ സഹായകരമാകും. ഷിപ്പ് റിപ്പയര്‍ രംഗത്ത് മാത്രമല്ല ഷിപ്പ് ഡിസൈനിങ് രംഗത്തും അനന്തമായ തൊഴില്‍സാധ്യത തുറക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ബിസിനസ് കൂട്ടും, വരുമാനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടാകും.
ക്രൂയിസ് ഷിപ്പുകളെ കൂടുതല്‍ ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് തുറമുഖ ട്രസ്റ്റ്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം സെപ്തംബറോടെ എറണാകുളം വാര്‍ഫില്‍ കേരളത്തിന്റെ തനത് ശൈലിയില്‍ ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിക്കും. 25 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് പുറമെ ഇ ലാന്‍ഡിങ് കാര്‍ഡ് സംവിധാനം ശക്തിപ്പെടുത്തും.
നിരക്കില്‍ 30 ശതമാനം ഇളവ് അനുവദിക്കും. നിലവില്‍ പോര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള രാജ്യാന്തര ക്രൂയിസ് ടെര്‍മിനലില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ എമിഗ്രെഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും ക്രൂയിസ് കപ്പലുകളിലെ തദ്ദേശ യാത്രികര്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നും പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് എ.വി. രമണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: