ആലപ്പുഴ: സംസ്ഥാനത്തെ ഭരണപ്രതിപക്ഷ മുന്നണികള്‍ കള്ളപ്പണക്കാരെ സംരക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിനെതിരെ കുപ്രചരണം നടത്തുമ്പോള്‍ ആലപ്പുഴയുടെ സ്വന്തം ഹൗസ്ബോട്ടുകള്‍ കാഷ്ലെസ് ഇടപാടുകളിലൂടെ വികസനത്തിന്റെ പുതിയ വഴികള്‍ തുറക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ബോട്ടുകള്‍ ബുക്ക് ചെയ്യാനും വിദേശ അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം കൈമാറാനും സാധിക്കുന്ന സംവിധാനമാണ് സജ്ജീകരിക്കുന്നത്.
ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനി ഒന്നരവര്‍ഷം മുമ്പുണ്ടാക്കിയ സംവിധാനത്തിന് ഇപ്പോഴാണ് ആവശ്യക്കാരേറിയത്. കായല്‍ ടൂറിസത്തിന്റെ പ്രതീകമായ ഹൗസ് ബോട്ടുകളും ആധുനികതയ്ക്ക് വഴിമാറുകയാണ്. ഇന്‍ഫോപാര്‍ക്കിലെ വിഎസ്ടി ട്രാവല്‍ സൊല്യൂഷനാണ് ഹൗസ് ബോട്ടിനെ കാഷ് ലെസ് ആക്കുന്നതിനുള്ള പുതിയ സംവിധാനം വികസിപ്പിച്ചത്. വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെയാണ് ഇടനിലക്കാരില്ലാതെ വഞ്ചിവീടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ബോട്ടിനുള്ളിലെ ചിത്രങ്ങള്‍ കാണാനും, ഹൗസ് ബോട്ടുകളുടെ വാടകവിവരങ്ങള് അറിയാനും ഇതിലൂടെ കഴിയും. ബുക്ക് ചെയ്യുന്ന ഹൗസ്ബോട്ടുതന്നെ ഇടപാടുകാരന് ലഭിക്കുമെന്നുറപ്പാക്കാനും ഇതുവഴി സാധിക്കുന്നു.
യാത്രക്കുശേഷം മാത്രമാണ് പണമിടപാട് നടത്തേണ്ടത്, അതും ഇലട്രോണിക് സംവിധാനങ്ങളിലൂടെ. പത്തു ഹൗസ്ബോട്ടുകളിലാണ് ആദ്യപടിയായി കാഷ് ലെസ്സംവിധാനം ഒരുക്കുന്നത്. 24000 രൂപയാണ് ചിലവ്. നിലവിലെ സാഹചര്യത്തില്‍ ഏതു രാജ്യക്കാരനുമായും എളുപ്പത്തില്‍ ഇടപാടു നടത്താമെന്നത് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. അടുത്ത മാസത്തോടെ കൂടുതല്‍ ബോട്ടുകള്‍ കാഷ്ലെസ് ആകുമെന്നാണ് പ്രതീക്ഷ.
നോട്ട് അസാധുവാക്കലിനെതിരെ വ്യാപകമായി കുപ്രചരണങ്ങള്‍ നടക്കുമ്പോഴും കായല്‍ടൂറിസം മേഖലയില്‍ ക്രിസ്തുമസ്, പുതുവര്‍ഷ സീസണില്‍ സഞ്ചാരികളുടെ ചാകരയായിരുന്നു. അഭൂതപൂര്‍വമായ തിരക്കാണ് ഇത്തവണ ഉണ്ടായതെന്ന് ഹൗസ്ബോട്ടുടമകളും സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു. വടക്കേ ഇന്ത്യയില്‍ നിന്നു മാത്രമല്ല, വിദേശസഞ്ചാരികളും ധാരാളമായി എത്തി. നേട്ടങ്ങളുടെ ടൂറിസം സീസണാണ് കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: