ന്യൂദല്‍ഹി: ടാറ്റാ സണ്‍സ് പോലുള്ള ഗ്രൂപ്പിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്ന് നടരാജന് ചന്ദ്രശേഖരന്. ടാറ്റാ സണ്‍സിന്റെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വലിയ ഉത്തരവാദിത്തമാണ്, ഈ രംഗത്തെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല മേധാവിയായിരുന്ന രത്തന്‍ ടാറ്റയ്ക്ക് പകരമാണ് ചന്ദ്രശേഖരന് നിയമിതനായത്. ജീവിത രീതികളും മുല്യങ്ങളും മുറുകെ പിടിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ കമ്പനിയെ പുരോഗതിയിലേയ്ക്ക് നിയക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വര്‍ഷമായി ടാറ്റ കുടുംബത്തില്‍ അംഗമായ തനിക്ക് ലഭിച്ച ഈ പദവിയെ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി(ടിസിഎസ്) സര്‍വീസിന്റെ മേധാവിയാണ് ചന്ദ്രശേഖരന്. മുംബൈയില്‍ ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗമാണ് ഇദ്ദേഹത്തെ 4.76ലക്ഷം കോടി ആസ്തിയുളള ടാറ്റകമ്പനികളുടെ മേധാവിയായി തെരഞ്ഞെടുത്തത്.
സൈറസ് മിസ്ത്രിയെ നീക്കിയ ശേഷം രത്തന്‍ ടാറ്റയാണ് ഇടക്കാല മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്. അടുത്തമാസം 21ന് ചന്ദ്രശേഖരന് സ്ഥാനമേല്‍ക്കും. ടിസിഎസ് സിഎഫ്ഓ രാജേഷ് ഗോപിനാഥന് ടിസിഎസിന്റെ നേതൃത്വത്തിലേക്ക് വരും. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ ടീ തുടങ്ങിയ എഴുപതോളം കമ്പനികള്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: