കവര്‍ച്ച നടന്ന തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു
തിരുവല്ല: തിരുവല്ലയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുകലശ്ശേരി ബ്രാഞ്ചിലെ ലോക്കര്‍ പൊളിച്ച് 27 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച അറിഞ്ഞത്. റദ്ദാക്കിയ 500ന്റെയും 1000ന്റെയും കറന്‍സികള്‍ ഉള്‍പ്പെട്ട 11 ലക്ഷം രൂപയും പുതിയ 2000 രൂപയടങ്ങിയ 16,27633 രൂപയുമുള്‍പ്പെടെ 27,27,613 രൂപയാണ് കവര്‍ന്നത്. ബാങ്കിനുളളിലെ സിസിടിവി ക്യാമറ യൂണിറ്റ് മുഴുവനും മോഷ്ടാക്കള്‍ കടത്തി. ഇത് ദുരൂഹതയുണ്ടാക്കുന്നു.
എംസി റോഡരികിലുള്ള ബാങ്കിന്റെ പിന്നിലെ ജനാലയും ഇരുമ്പ് ഗ്രില്ലും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് അകത്തു കടന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരുന്നതിനാല്‍ കവര്‍ച്ച നടന്നത് എന്നായിരിക്കുമെന്ന നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ലോക്കര്‍ റൂമും ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് തുറക്കുകയായിരുന്നു. സ്വര്ണ്ണാഭരണലോക്കര് തുറന്നിട്ടില്ല. തിരുവല്ല ഡിവൈഎസ്പി, ആര്. ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരെത്തി തെളിവെടുപ്പു നടത്തി.
24 ന് രാത്രി രണ്ടു മണിയോടെ ബാങ്കിനു സമീപം രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടതായി ഒരു കരോള്‍ സംഘത്തിലുള്‍പ്പെട്ടവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ഈ ബാങ്കിന്റെ പുറകൂവശം ജനാല പൊളിച്ച് മോഷണം നടത്തുന്നതിന് ശ്രമം നടന്നിരുന്നു. ബാങ്കിന്റെ പുറകുവശം സ്വകാര്യ വ്യക്തിയുടെ വാഴത്തോപ്പ് ആണെന്നത് മോഷ്ടാക്കള്‍ക്ക് മറവായി.
ബാങ്കിനു മുന്‍വശം എംസി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കടുത്ത പൊടിശല്യമാണ്. അതിനാല്‍ റോഡരികിലെ വീടുകളുടെ ജനാലകളോ കതകുകളോ പകല്‍ പോലും തുറന്നിടാറില്ല. ഇതും മോഷ്ടാക്കള്‍ക്ക് അനുകൂലമായതായി പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: