മുണ്ടൂര്‍ സേതുമാധവന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ സേതുമാധവം സി.രാധാകൃഷ്ണന് ടി. കെ. ശങ്കരനാരായണനു നല്കി പ്രകാശനം ചെയ്യുന്നു.
പാലക്കാട്: കഥയെന്നും നുണയായിരുന്നുവെന്നും ഇതിനെ അനുവാചകമനസില്‍ സത്യത്തിന്റെ തെളിച്ചമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരനെന്നും സി.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
മുണ്ടൂര്‍ സേതുമാധവന്റെ തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ടി കെ ശങ്കരനാരായണന് പുസ്തകം ഏറ്റുവാങ്ങി. മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്തു. എംബി രാജേഷ് എംപി മുണ്ടൂര്‍ സേതുമാധവനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മലയാളത്തിലെ പ്രസിദ്ധമായ മണ്ണാങ്കട്ടയും കരിയിലയും എന്ന കഥ ഇതിനായി രാധാകൃഷ്ണന് വ്യാഖ്യാനിച്ചു.കാറ്റടിക്കുമ്പോള്‍ ഇലയുടെ മീതെ മണ്ണാങ്കട്ടയും മഴ പെയ്യുമ്പോള്‍ മണ്ണാങ്കട്ടയ്ക്കു മീതെ ഇലയും പരസ്പരം സഹായമാകുന്നത് ജീവിതത്തിലെ പാരസ്പര്യം എന്ന കേവലസത്യത്തിന് വെളിച്ചം നല്‍കുന്നതാണ്.
നുണകള്‍ ഇങ്ങനെ ജീവിതത്തില്‍ സത്യപ്പെടുത്താനുള്ള ശ്രമമാണ് എഴുത്തുകാരന് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഥകളി ട്രസ്റ്റ് ചെയര്മാന് പി ജയപാലമേനോന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം, പ്രതാപന് തായാട്ട്, വി രവീന്ദ്രന്, പി കെ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: