പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച നിരാഹാര സത്യഗ്രഹം സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, നിലവിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ഉടന്‍ നിയമനം നടത്തുക, പിന്‍വാതില്‍ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ആര്. എസ്. രാജീവ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സുരേഷ് ഗോപി എംപി സമരം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് ജീവിത പ്രശ്നമായതിനാല്‍ മുഖ്യമന്ത്രി കരുണ കാണിക്കണമെന്ന് സുരേഷ്ഗോപി എംപി. അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം. ആദ്യ വര്‍ഷം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നാണ് അറിയിച്ചത്. ഭരണം ഒമ്പത് മാസം പിന്നിടുന്നു. വാഗ്ദാനം അനുസരിച്ച് രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കേണ്ട സമയമായി.
162 പിഎസ്സി ലിസ്റ്റുകളുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. അമ്പതിനായിരം ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ മോഹങ്ങളാണ് ഇതോടെ പൊലിയുന്നത്. ഓരോ കുടുംബത്തിന്റെയും ഭക്ഷണമാണ് ഇതോടെ അടയുന്നത്. അതിനാല്‍ ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാകണം. യുവജനങ്ങളെ തെരുവില്‍ കുരുതി കൊടുക്കാനുളള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നരവര്‍ഷമെങ്കിലും നീട്ടണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
വര്‍ഷം 5 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത പിണറായി വിജയന് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ഉള്ളത് ഇല്ലാതാക്കരുതെന്ന് ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു. ചെറുപ്പക്കാരുടെ ക്ഷമ പരീക്ഷിച്ച് അവരെ തെരുവിലിറക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും രാജീവ് പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്.പത്മകുമാര്‍, വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് രാജശേഖരന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനുരാജ്, രഞ്ജിത് ചന്ദ്രന്, ചന്ദ്രകിരണ്‍, മലയിന്‍കീഴ് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: