കൊച്ചി: ഡെന്റ്കെയര്‍ ഡെന്റല്‍ ലാബ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസിനെ കേരള മാനേജ്മെന്റ് അസോസിയേഷന് ആദരിച്ചു. മുവാറ്റുപുഴ എന്ന ചെറിയ പട്ടണത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ഇംപ്ലാന്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭം വിജയകരമാക്കിയതിനാണ് ആദരം.
കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് പൊന്നാട അണിയിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നു വലിയ ബിസിനസ് സ്ഥാപനം വളര്‍ത്തിയെടുത്ത ജോണിന്റെ വിജയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കെല്ലാം അനുകരിക്കാവുന്ന മാതൃകയാണെന്ന് മാത്യു ഉറുമ്പത്ത് പ്രസ്താവിച്ചു.
കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യത്തില്‍ കഴിയേണ്ടി വന്നിട്ടുള്ള കുടുംബമാണു തന്റേതെന്ന് ജോണ്‍ കുര്യാക്കോസ് അനുസ്മരിച്ചു. പിതാവിനും അമ്മാവനും മാനസികപ്രശ്നങ്ങളുണ്ടായിരുന്നു.
പുത്രന്മാര്ക്കും മാനസികരോഗം പാരമ്പര്യമായി ബാധിക്കുമോ എന്ന ഭീതിയിലാണ് അമ്മ എപ്പോഴും കഴിഞ്ഞിരുന്നത്. വിജയിക്കണമെന്നുള്ള ദൃഢനിശ്ചയവും ഇന്നും നടത്തുന്ന കഠിനാദ്ധ്വാനവുമാണ് തന്റെ കമ്പനിയെ ഇന്ന് ഈ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമായി നിലനിറുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം സുജ കാര്‍ത്തിക, മരിയ അബ്രാഹം, ആര്. മാധവ് ചന്ദ്രന് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: