തിരുവനന്തപുരം: അത്യാധുനിക സൗകര്യമുള്ള സ്പെഷ്യല്‍ ഐസിവി സ്കൂള്‍ ബസ് എംപിഫണ്ടില്‍നിന്ന് സംഭാവനചെയ്ത് സുരേഷ്ഗോപി എംപി മാതൃകയാകുന്നു.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു കൂടി മറ്റ് കുട്ടികളോടൊപ്പം യാത്ര ചെയ്യാന്‍വേണ്ട സവിശേഷ സംവിധാനം ഈ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുള്ള കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സ്കൂള്‍ ബസ് ആണിത്.
വീല്‍ ചെയര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം സീറ്റുകളും ജിപിഎസ് ക്യാമറാ സൗകര്യവും കുടിവെള്ള സംവിധാനവും ബസിന്റെ പ്രത്യേകതയാണ്.
22,50,500 രൂപ വിലവരുന്ന ബസ് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരിക്കും.
സ്കൂളിന് ഒരു ബസ് അനുവദിക്കണമെന്ന് എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസ് എം.സെലിന് ആവശ്യപ്പെട്ടപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കുകൂടി യാത്രചെയ്യാനുള്ള സൗകര്യത്തോടെയുള്ള ബസ് തന്നെ അനുവദിക്കുമെന്ന് എംപി ഉറപ്പു നല്‍കുകയായിരുന്നു.
ഇന്നു രാവിലെ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സുരേഷ്ഗോപി എംപി സ്പെഷ്യല്‍ ബസ് സ്കൂളിനു സമര്‍പ്പിക്കും.
സ്കൂളിലെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനവും സബ് ജില്ലാ ജില്ലാ കലോത്സവ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും സുരേഷ്ഗോപി എംപി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: